ശൈശവ പ്രപഞ്ചത്തെ കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍

     

     പ്രപഞ്ചത്തെ കുറിച്ച് നിരവധി സംശയങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുകയാണ്‌. പ്രത്യേകിച്ച് പ്രപഞ്ചത്തിന്റെ ആരംഭകാലത്തെ കുറിച്ച്‌. ആദ്യകാല ദ്രവ്യത്തിന്റെ അവസ്ഥ എന്തായിരിക്കും? നക്ഷത്രങ്ങളുടെ ഘടന എങ്ങനെയായിരിക്കും? തുടങ്ങിയ ചോദ്യങ്ങള്‍ക്ക്‌ ഇപ്പോഴും കൃത്യമായ ഉത്തരമൊന്നും ലഭ്യമല്ല എന്നതാണു യാഥര്‍ത്ഥ്യം. പ്രപഞ്ച വൈജ്ഞാനികത്തിലെ ഈ ഇരുണ്ട മേഖലയില്‍ നിന്നാണ്‌ പ്രത്യാശയുടെ ചില കിരണങ്ങള്‍ തെളിഞ്ഞിരിക്കുന്നത്‌.  


      ജ്യോതിശാസ്ത്രജ്ഞന്‍മാര്‍ ടെലിസ്കോപ്പിലൂടെ നോക്കുന്നത്‌ യഥാര്‍ത്ഥത്തില്‍ മുന്നിലേക്കല്ല പിന്നിലേക്കാണ്‌. പതിനായിരം പ്രകാശവര്‍ഷങ്ങള്‍ക്കപ്പുറത്തുള്ള ഒരു വസ്തുവിനെ കണ്ടെത്തി എന്നു പറഞ്ഞാല്‍ പതിനായിരം വര്‍ഷങ്ങള്‍ക്കു മുമ്പുള്ള പ്രപഞ്ചശകലം കണ്ടെത്തി എന്നണര്‍ഥം. അതിനെ പഠിക്കാന്‍ കഴിഞ്ഞാല്‍ പതിനായിരം വര്‍ഷങ്ങള്‍ക്കു മുമ്പുള്ള പ്രപഞ്ചം ഏതവസ്ഥയിലായിരുന്നു എന്നു  മനസ്സിലാക്കാന്‍ കഴിയും. 


    13.7 ബില്ല്യന്‍ വര്‍ഷങ്ങളുടെ ചരിത്രമാണ്‌ ഇപ്പോള്‍ പ്രപഞ്ചത്തിന്‌ കണക്കാക്കിയിട്ടുള്ളത്‌. ഇത്രയും അകലേക്ക്‌ ഇപ്പോഴും ടെലിസ്കോപ്പുകള്‍ അപ്രാപ്യമാണ്‌. ഇത്രയും കാലം അകലെയുള്ള പ്രാപഞ്ചിക കണങ്ങളുടെ മേഘം ഇന്‍ഫ്രാറെഡ്‌ വികിരണങ്ങളെ പോലും കടത്തി വിടാത്തത്ര സാന്ദ്രതയേറിയതാണ്‌. അതുകൊണ്ട്‌ ഈ കാലത്തെ പ്രപഞ്ച ചരിത്രത്തിലെ ഇരുണ്ട കാലഘട്ടം എന്നാണു പറയാറുള്ളത്‌. 


     ആദ്യകാല നക്ഷത്രങ്ങളിലൊന്നിനെ പിടികിട്ടിയാല്‍ പ്രപഞ്ചരഹസ്യങ്ങളില്‍ കുറെ പുറത്തുകൊണ്ടുവരാമെന്ന്‌ ജ്യോതിശാസ്ത്രജ്ഞര്‍ പ്രത്യാശിക്കുന്നു. ഹൈഡ്രജനും ഹീലിയവും മേധാവിത്തം പുലര്‍ത്തിയിരുന്ന ആ കാലത്തെ കുറിച്ച്‌ കൂടുതല്‍ കാര്യങ്ങള്‍ അറിയാന്‍ കഴിയും.  ഇരുണ്ട കാലഘട്ടത്തിലെ ഒരു ക്വാസാറിനെ കണ്ടെത്തിയെന്നാണ്‌ കേംബ്രിഡ്ജ്‌ യൂണിവേര്‍സിറ്റി ജനുവരി അഞ്ചിനു പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നത്‌. കേംബ്രിഡ്ജ്‌ ഇന്‍സ്റ്റിട്യൂട്ട്‌ ഓഫ്‌ അസ്ട്രോണമിയിലെ പ്രൊഫസ്സര്‍ മാക്സ്‌ പെറ്റിനിയാണ്‌ ഈ പഠനത്തിന്‌ നേതൃത്വം കൊടുത്തത്‌. ലോകത്തിലെ ഏറ്റവും  വലിയ ടെലിസ്കോപ്പുകളായ ചിലിയിലേയും ഹവായിയിലേയും ടെലിസ്കോപ്പുകളാണ്‌ ഇതിനായി ഉപയോഗിച്ചത്‌. ഇപ്പോള്‍ ലഭിച്ച വിവരങ്ങള്‍ വിശകലനം ചെയ്യാന്‍ കൂടുതല്‍ സമയം എടുത്തേക്കും. എങ്കിലും ഈ വിവരങ്ങള്‍ പ്രത്യാശ നല്‍കുന്നവ തന്നെയാണ്.

അഭിപ്രായങ്ങള്‍

  1. ജ്യോതി ശാസ്ത്രത്തെ കുറിച്ച് കൂടുതല്‍ കൂടുതല്‍ അറിവുകള്‍ താങ്കളില്‍ നിന്നും പ്രതീക്ഷിക്കുന്നു !നന്ദി !

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതുവരെ

കൂടുതൽ‍ കാണിക്കുക