അവസാനം കെപ്ളര്‍ ശിലാഗ്രഹം കണ്ടെത്തി

      
     ഭൂസമാനഗ്രഹങ്ങള്‍ കണ്ടെത്തുന്നതിനു വേണ്ടി നാസ വിക്ഷേപിച്ച കെപ്ളര്‍ ബഹിരാകാശ പേടകം ഉറച്ച പ്രതലത്തോടു കൂടിയ ഒരു ഗ്രഹം കണ്ടെത്തിയതായി സ്ഥിരീകരിച്ചു. കെപ്ളര്‍ 10b എന്നണ്‌ ഈ ഗ്രഹത്തിനു നല്‍കിയിരിക്കുന്ന പേര്‌. 


      2009 മെയ്‌ മുതല്‍ 2010 ജനുവരി വരെ നീണ്ട വിവര ശേഖരണം വിശകലനം ചെയ്താണ്‌ പുതിയ ഗ്രഹത്തിന്റെ അസ്ഥിത്വം ഉറപ്പിച്ചത്‌. മാതൃനക്ഷത്രത്തിന്റെ (കെപ്ളര്‍ 10) തിളക്കത്തിലുണ്ടാവുന്ന ഏറ്റക്കുറച്ചില്‍ പഠിച്ചാണ്‌ ഗ്രഹസാന്നിദ്ധ്യം തിരിച്ചറിഞ്ഞത്‌. കെപ്ളറിലെ അതീവകൃത്യതയാര്‍ന്ന ഫോട്ടോമീറ്റര്‍ അളവുകളാണ്‌ ഇതിനു സഹായിച്ചത്‌. 


      ഇത്‌ 0.84 ഭൂദിനം കൊണ്ടാണ്‌ മാതൃനക്ഷത്രത്തെ ഒരു പ്രാവശ്യം ഭ്രമണം ചെയ്യുന്നത്‌. ബുധനും സൂര്യനും തമ്മിലുള്ള അകലത്തിന്റെ  ഇരുപതില്‍ ഒരു ഭാഗം അകലം മാത്രമാണ്‌ കെപ്ളര്‍ 10b യും അതിന്റെ മാതൃനക്ഷത്രവും തമ്മിലുള്ള ദൂരം. ഇതുകൊണ്ടു തന്നെ ദ്രവജലവും ജീവനും ഇവിടെ ഉണ്ടായിരിക്കില്ല. ഇതിന്റെ പിണ്ഡം ഭൂമിയുടെ പിണ്ഡത്തിന്റെ 4.6 മടങ്ങു വരും. വ്യാസം ഭൂമിയുടെ 1.4 മടങ്ങും. ഇതുവരെ കണ്ടെത്തിയിട്ടുള്ളതില്‍ വെച്ച്‌ ഏറ്റവും ചെറിയ സൌരേതര ഗ്രഹവും ഇതു തന്നെയാണ്‌. സാന്ദ്രത ഘന സെന്റിമീറ്ററിന്‌ 8.8 ഗ്രാം ആണ്‌. ഒരു ഇരുമ്പുണ്ടയുടെ സാന്ദ്രതക്ക്‌ സമമാണിത്‌. നക്ഷത്രത്തിന്റെ  പ്രായം എട്ട്‌ ബില്യന്‍ വര്‍ഷങ്ങള്‍ വരും എന്നാണ്‌ കണക്കാക്കിയിട്ടുള്ളത്‌. ഭൂമിയില്‍ നിന്നുള്ള ദൂരം 560  പ്രകാശവര്‍ഷമാണ്‌. 


      ഈ ഗ്രഹം തീര്‍ച്ചയായും ഉറച്ചതു തന്നെയാണ്‌. നിങ്ങള്‍ക്കു വേണമെങ്കില്‍ അതിനു മുകളില്‍ പോയി നില്‍ക്കാം എന്നാണ്‌ ഹാര്‍വാര്‍ഡ്‌   സ്മിത്സോണിയന്‍ സെന്റര്‍ ഫോര്‍ ആസ്ട്രോഫിസിക്സിലെ ശാസ്ത്രജ്ഞനായ സസ്സെലോവ്‌ പ്രതികരിച്ചത്‌. 


      സിഗ്നസ്‌ (ഹംസം) നക്ഷത്ര ഗണത്തിന്റെ ഇടത്തെ ചിറകിലാണ്‌ കെപ്ളര്‍ 10 എന്ന നക്ഷത്രം സ്ഥിതി ചെയ്യുന്നത്‌.  

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതുവരെ

കൂടുതൽ‍ കാണിക്കുക