ഇതാ ഭൂമിയിൽ വീണ്ടുമൊരമ്പിളിത്തുണ്ട്

കടപ്പാട്; Birger Rasmussen
     മാനത്തുനിന്നു ചിരിക്കുന്ന അമ്പിളിമാമന്റെ ഒരു തുണ്ടെങ്ങാൻ വീണുകിട്ടിയെങ്കിൽ, പളുങ്കുഗോട്ടികളോടൊപ്പം ചില്ലുഭരണിയിലിട്ടു സൂക്ഷിച്ചുവെക്കാമായിരുന്നു! എന്റെ ബാല്യകൗതുകങ്ങളിൽ ഒന്നായിരുന്നു ഇതും. പിന്നീട് നമ്മുടെ മാമന്മാരിൽ ചിലർ ചന്ദ്രനിൽ പോയി അവിടത്തെ കല്ലും മണ്ണുമെല്ലാം വാരിക്കൊണ്ടുവന്നു എന്ന അറിവിന്റെ വളർച്ചയിൽ വിചാരിച്ചപോലെ ഭംഗിയുള്ളവല്ല അവയെന്നു തിരിച്ചറിഞ്ഞു. അറിവിന്റെ കൗതുകങ്ങൾ അവയിൽ മറഞ്ഞു കിടപ്പുണ്ട് എന്ന തിരിച്ചറിവ് ഇതോടൊപ്പം രൂപംകൊള്ളുകയും ചെയ്തു. അതുകൊണ്ട് ജലാശയത്തിൽ പ്രതിബിംബിക്കുന്ന അമ്പിളിയെ കാണുമ്പോഴുണ്ടാകുന്ന കൗതുകം തന്നെയാണ് അവിടെയുള്ള പദാർത്ഥങ്ങളുടെ സാമ്പിളുകൾ ഭൂമിയിൽ കണ്ടെത്തി എന്നറിയുമ്പോഴും ഉണ്ടാകുന്നത്. ഇതാ ആ കൂട്ടത്തിലേക്ക് പുതിയ ഒരു വാർത്ത കൂടി വന്നിരിക്കുന്നു.

     ചന്ദ്രനിൽ നിന്നും ഭൂമിയിലേക്കു കൊണ്ടുവന്ന ശിലാശകലങ്ങളിൽ കണ്ടെത്തിയ ധാതുക്കളായിരുന്നു armalcolite, pyroxferroite, tranquillityite എന്നിവ. ഇവയിൽ ആദ്യം പറഞ്ഞ രണ്ടെണ്ണവും ചാന്ദ്രശിലകൾ ഭൂമിയിലെത്തി പത്തു വർഷം തികയുന്നതിനു മുമ്പുതന്നെ ഭൂമിയിൽ നിന്നും കണ്ടെത്തിയിരുന്നു. ചന്ദ്രനിൽ അപ്പോളൊ 11 ചെന്നിറങ്ങിയ ട്രാൻഗുലിറ്റി ബേസിന്റെ സ്മരണക്കുവേണ്ടി ട്രാൻഗുലിറ്റൈറ്റ് എന്നു പേരു നൽകിയിരിക്കുന്ന ധാതു ഇതുവരെയും ഭൂമിയിൽ നിന്നും കണ്ടെത്താനായിരുന്നില്ല. ഇതാ ഇപ്പോൾ അതും സംഭവിച്ചിരിക്കുന്നു.

     പടിഞ്ഞാറൻ ആസ്ത്രേലിയയിലെ ആറു വ്യത്യസ്ത പ്രദേശങ്ങളിൽ നിന്നായിട്ടാണ് വളരെ നേരിയ അളവിൽ tranquillityite കണ്ടെത്തിയിരിക്കുന്നത്. പെർത്തിലുള്ള Curtin Universityലെ ബെർജർ റാസ്‌മൂസനും സംഘവുമാണ് ഇത് കണ്ടെത്തിയത്. ലഭിച്ച സാമ്പിളുകൾ തലമുടിയിഴയോളം കനവും ഏതാനും മൈക്രോണുകൾ മാത്രം നീളവുമുള്ളവയാണ്.

     ഇരുമ്പ്, സിലിക്കൺ, ഓക്സിജൻ, ടൈറ്റാനിയം, സിർക്കോണിയം, യിട്രിയം എന്നീ മൂലകങ്ങളാണ് ഇതിലടങ്ങിയിരിക്കുന്നത്. ഇതിൽ യിട്രിയം ഭൂമിയിൽ വളരെ വളരെ അപൂർവ്വമായി മാത്രം കാണപ്പെടുന്ന ഒരു മൂലകമാണ്.



കടപ്പാട്: physorg.com

അഭിപ്രായങ്ങള്‍

ഇതുവരെ

കൂടുതൽ‍ കാണിക്കുക