ശുക്രൻ വേഗത കുറക്കുന്നുവോ?
നമ്മുടെ അയൽഗ്രഹമായ ശുക്രൻ അതിന്റെ നിഗൂഢതകളാൽ ശ്രദ്ധിക്കപ്പെട്ട ഗ്രഹമാണ്. ഉയർന്ന അന്തരീക്ഷമർദ്ദവും സാന്ദ്രതയേറിയതും വിഷമയവുമായ അന്തരിക്ഷവും അതിനെ മറ്റു ഗ്രഹങ്ങളിൽ നിന്നും വേറിട്ടു നിർത്തി. അന്തരീക്ഷത്തിന്റെ ഉയർന്ന സാന്ദ്രതയും മർദ്ദവും ശുക്രനെ കുറിച്ചുള്ള വിവരങ്ങൾ അറിയുന്നതിൽ നിന്നും നമ്മെ തടഞ്ഞു. അതുകൊണ്ടുതന്നെ ഈ ഗ്രഹത്തെ കുറിച്ച് മറ്റു ഗ്രഹങ്ങളെ കുറിച്ച് അറിയുന്നതിനേക്കാൾ കുറച്ചു വിവരങ്ങൾ മാത്രമേ അറിയാൻ കഴിഞ്ഞിട്ടുള്ളു. അറിഞ്ഞവയിൽ പലതും അത്ഭുതപ്പെടുത്തുവയും. ഇപ്പോൾ ഇതാ ആ കൂട്ടത്തിലേക്ക് പുതിയൊരെണ്ണം കൂടി.
ശുക്രന്റെ സ്വയം ഭ്രമണത്തിന്റെ വേഗത പ്രതീക്ഷിച്ചിരുന്നതിനേക്കാൾ കുറഞ്ഞുകൊണ്ടിരിക്കുകയാണത്രെ!
യൂറോപ്യൻ സ്പേസ് ഏജൻസിയുടെ വീനസ് എക്സ്പ്രസിൽ നിന്നും ലഭിച്ച വിവരങ്ങളിൽ നിന്നും ശാസ്ത്രജ്ഞർ കണക്കുകൂട്ടിയെടുത്തതാണിത്. നാസയുടെ മെഗല്ലൻ 1990കളിൽ തിട്ടപ്പെടുത്തിയ വിവരങ്ങളുമായി ചേർത്തുവെക്കുമ്പോഴാണ് അത്ഭുതപ്പെടുത്തുന്ന ഈ സത്യം അവർ തിരിച്ചറിഞ്ഞത്. നാലുവർഷത്തെ മഗല്ലൻ ദൗത്യത്തിൽ നിന്നും ലഭിച്ച വിവരങ്ങൾ വിശകലനം ചെയ്തതിൽ നിന്നും ശുക്രന്റെ സ്വയംഭ്രമണസമയമായി ലഭിച്ചത് 243.0185 ഭൗമദിനങ്ങൾ എന്നായിരുന്നു. ഇതിനെക്കാൾ 6.5 മിനിട്ട് ദീർഘിച്ചതാണത്രെ ഇപ്പോഴത്തെ ശുക്രദിവസം.
ഇപ്പോൾ ലഭിച്ചിരിക്കുന്ന പുതിയ അറിവ് ശുക്രന്റെ അകക്കാമ്പ് ഉറച്ചതാണോ ദ്രവരൂപത്തിലുള്ളതാണോ എന്ന് കണ്ടെത്തുന്നതിലേക്കുള്ള വഴികാട്ടിയാകുമെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ശുക്രന്റെ അകക്കാമ്പ് ഉറച്ചതാണെങ്കിൽ അത് മറ്റുഭാഗങ്ങളെക്കാൾ സാന്ദ്രത കൂടിയതായിരിക്കും. എങ്കിൽ മറ്റു ബാഹ്യശക്തികളുമായി ഇത് അധികം പ്രതിപ്രവർത്തിക്കില്ല. ശുക്രന്റെ സാന്ദ്രത കൂടിയ അന്തരീക്ഷത്തിൽ ഇതിന്റെ പ്രതിഫലങ്ങൾ കാണാനാകുമത്രെ. ഭൂമിയുടേതിനെക്കാൾ 90 മടങ്ങ് അധികമാണ് ശുക്രന്റെ അന്തരീക്ഷമർദ്ദം. ഭൂമിയുടെ സ്വയംഭ്രമണത്തിൽ കാണുന്ന മില്ലിസെക്കന്റിന്റെ വ്യതിയാനം പോലും വാണിജ്യവാതങ്ങളിലും താപനിലയിലും വ്യത്യാസങ്ങൾ ഉണ്ടാക്കുന്നുണ്ട്.
1980കളിലും 90കളിലുമായി വെനേറ, മെഗല്ലൻ എന്നീ ഓർബിറ്ററുകൾ സൃഷ്ടിച്ച റഡാർ മാപ്പുകളിൽ നിന്നാണ് ശുക്രന്റെ അതിസാന്ദ്രീകൃതവും ഉന്നതമർദ്ദമുള്ളതും വിഷകാരിയുമായ അന്തരീക്ഷത്തെ കുറിച്ചുള്ള വിവരങ്ങൾ വെളിവാക്കപ്പെട്ടത്.
വീനസ് എക്സ്പ്രസിന്റെ തുടർപഠനങ്ങൾ ഈ നിഗൂഢഗ്രഹത്തിന്റെ ഇനിയും വെളിപ്പെടാനുള്ള രഹസ്യങ്ങളിൽ പലതും തുടർന്നുള്ള വർഷങ്ങളിൽ പുറത്തുകൊണ്ടുവരുമെന്ന് പ്രതീക്ഷിക്കാം. അത്ഭുതങ്ങൾക്കു വേണ്ടി നമുക്കു ജിജ്ഞാസുക്കളാകാം.
Thanks for the update shaji.. Keep writing!!
മറുപടിഇല്ലാതാക്കൂYou are doing a great service to the people..Please continue.