ഡീഓനീയിൽ പ്രാണവായു


Dione (Mond) (30823363)
കടപ്പാട്: വിക്കിമീഡിയ കോമൺസ്

ശനിയുടെ ഉപഗ്രഹമായ ഡീഓനീയിൽ [Dione (pronounced DEE-oh-nee)] ചാർജ്ജിത  തന്മാത്രാ ഓക്സിജന്റെ (O2+) സാന്നിദ്ധ്യം കണ്ടെത്തിയതായി ന്യൂ മെക്സിക്കോയിലെ ലോസ് അലാമോസ് നാഷണൽ ലബോറട്ടറിയിലെ ശാസ്ത്രജ്ഞർ അവകാശപ്പെട്ടു. ഇത് ബാഹ്യസൗരയൂഥവ്യവസ്ഥയിൽ ജീവസാന്നിദ്ധ്യം അന്വേഷിക്കുന്നവരിൽ ആവേശം സൃഷ്ടിച്ചിരിക്കുകയാണ്. Geophysical Research Letters പുതിയ ലക്കത്തിലാണ് ഈ ഗവേഷണപ്രബന്ധം (PDF) പ്രസിദ്ധികരിച്ചിരിക്കുന്നത്.

ശനിയുടെ അറിയപ്പെടുന്ന 62 ഉപഗ്രഹങ്ങളിൽ ഒന്നാണ് ഡിഓനി. ശനിയിൽ നിന്നും 1,123 കി.മീറ്റർ അകലെയാണ് ഇതിന്റെ ഭ്രമണപഥം. ധാരാളം ഗർത്തങ്ങളും കിടങ്ങുകളുമുള്ള ഈ ഉപഗ്രഹം പാറകളാലും മഞ്ഞുകട്ടകളാലുമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ശനിയെ ഒരു പ്രാവശ്യം ചുറ്റിവരാൻ 2.7ദിവസം എടുക്കുന്നു.

1684ൽ ജിയോവന്നി കാസ്സിനിയാണ് ഡീഓനീയെ ആദ്യമായി കണ്ടെത്തുന്നത്. ഇപ്പോൾ ഈ ഉപഗ്രഹത്തിൽ തന്മാത്രാ ഓക്സിജന്റെ സാന്നിദ്ധ്യം കണ്ടെത്തിയത് അദ്ദേഹത്തിന്റെ ഓർമ്മക്കു വേണ്ടി 1997ൽ നാസ വിക്ഷേപിച്ച കാസ്സിനി ബഹിരാകാശ പേടകവും! 2010ൽ ഈ പേടകം ഡീഓനീയുടെ സമീപത്തു കൂടി കടന്നുപോയപ്പോഴാണ് ശ്രദ്ദേയമായ ഈ നിരീക്ഷണം നടത്തിയത്.

ശനിയുടെ ശക്തമായ കാന്തികമണ്ഡലത്തിൽ നിന്നും ലഭിക്കുന്ന ഊർജ്ജം ഉപയോഗിച്ചാണത്രെ ഇവിടെ ഓക്സിജൻ തന്മാത്രകൾ രൂപം കൊള്ളുന്നത്. ശനിയുടെ കാന്തികമണ്ഡലത്തിൽ നിന്നും വരുന്ന ചാർജ്ജിതകണങ്ങൾ (charged ions) ഡീഓനീയിലെ മഞ്ഞുകട്ടകളിൽ ചെന്നിടിച്ച് അതിലെ ഓക്സിജൻ തന്മാത്രകളെ  
 സ്വതന്ത്രമാക്കി അന്തരീക്ഷത്തിലേക്കു വിടുന്നു.

ഓക്സിജനും കാർബണും തമ്മിൽ രാസബന്ധനത്തിലേർപ്പെട്ട് രൂപം കൊള്ളുന്ന തന്മാത്രകളാണ് ജീവന്റെ അടിസ്ഥാനകണങ്ങളാവുന്നത് എന്നതു കൊണ്ട് ഈ കണ്ടെത്തൽ വളരെ നിർണ്ണായകമായാണ് ശാസ്ത്രജ്ഞർ കാണുന്നത്. വ്യാഴത്തിനും ശനിയ്ക്കും ശക്തമായ കാന്തികമണ്ഡലമുള്ളതിനാലും ഇവക്കു ചുറ്റും ധാരാളം മഞ്ഞുകട്ടകൾ നിറഞ്ഞ ഉപഗ്രഹങ്ങൾ ഉള്ളതിനാലും തുടർന്നുള്ള അന്വേഷണങ്ങൾ യൂറോപ്പ, എൻസിലാഡസ് തുടങ്ങിയ മറ്റു പല ഉപഗ്രഹങ്ങളിലേക്കും വ്യാപിക്കും എന്നു കരുതാവുന്നതാണ്.

Dioneഡീഓനീ
കടപ്പാട്: വിക്കിമീഡിയ കോമൺസ്

ലോസ് അലാമോസ് ലബോറട്ടറിയുടെ പത്രക്കുറിപ്പ്

അഭിപ്രായങ്ങള്‍

ഇതുവരെ

കൂടുതൽ‍ കാണിക്കുക