നവഗ്രഹങ്ങളുമായി ഒരു നക്ഷത്രം!



സൗരയൂഥത്തിൽ നിന്ന് പ്ലൂട്ടോയെ പുറത്താക്കിയതോടെ നവഗ്രഹങ്ങൾ എന്ന പ്രയോഗം ജ്യോതിഷത്തിൽ മാത്രമായി ഒതുങ്ങിപ്പോയിരിക്കുകയായിരുന്നല്ലോ. എന്നാൽ ഇപ്പോഴിതാ ആ വിഷമം തീർക്കാൻ ഒരു നക്ഷത്രം ഒമ്പതു ഗ്രഹങ്ങളെ ചേർത്തു പിടിച്ചുകൊണ്ടെത്തിയിരിക്കുന്നു. ഭൂമിയിൽ നിന്നും 130 പ്രകാശവർഷം അകലെയുള്ള HD 10180 എന്ന നക്ഷത്രമാണ് നവഗ്രഹകൂട്ടായ്മയുമായി രംഗത്തെത്തിയിരിക്കുന്നത്.

Astronomy and Astrophysics എന്ന ജേർണലിലാണ് പുതിയ വിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്. ചിലിയിലെ 3.6മീറ്റർ ഹാർപ്സ് (High Accuracy Radial Velocity Planet Searcher ) ടെലിസ്കോപ്പിൽ നിന്നും ലഭിച്ച വിവരങ്ങൾ വിശകലനം ചെയ്തപ്പോഴാണ് സൂര്യനോടു സമാനത പുലർത്തുന്ന HD 10180 എന്ന നക്ഷത്രത്തിനു ചുറ്റും ഒമ്പതു ഗ്രഹങ്ങൾ ഭ്രമണം ചെയ്യുന്നുണ്ടെന്ന വിവരം ലഭിച്ചത്. ഇതിലെ രസകരമായ വസ്തുത ഇതേ വിവരങ്ങൾ മുമ്പു വിശകലനം ചെയ്തതിൽ നിന്ന് ആറു ഗ്രഹങ്ങൾ തീർച്ചയായും ഉണ്ടെന്നും ഏഴാമതൊന്നു കൂടി ഉണ്ടാവാനുള്ള സാദ്ധ്യത ഉണ്ടെന്നുമുള്ള നിഗമനത്തിലായിരുന്നു ശാസ്ത്രജ്ഞർ എത്തിയിരുന്നത്. ഏഴാമത്തെ ഗ്രഹത്തിന്റെ കാര്യം തീർച്ചപ്പെടുത്തുന്നതിനു വേണ്ടി നടത്തിയ തുടർപഠങ്ങളിൽ നിന്നാണ് ഏഴല്ല ഗ്രഹങ്ങളുടെ എണ്ണം ഒമ്പതാണ് എന്ന തീർച്ചയിലെത്തിയത്.

ആദ്യം കണ്ടെത്തിയ ആറെണ്ണത്തിൽ അഞ്ചെണ്ണം ഭൂമിയെക്കാൾ 12 മുതൽ 25വരെ മടങ്ങു പിണ്ഡമുള്ളവയും ആറാമത്തേത് ഭൂമിയെക്കാൾ 65 മടങ്ങു പിണ്ഡമുള്ളതുമായിരുന്നു. പുതിയതായി കണ്ടെത്തിയ മൂന്നെണ്ണത്തിന്റെ പിണ്ഡം 1.3, 1.9, 5.1 ഭൂപിണ്ഡത്തിനു തുല്യമാണ്. ആദ്യത്തെ ഗ്രഹം അതിന്റെ മാതൃനക്ഷത്രമായ HD 10180 എന്ന നക്ഷത്രത്തിൽ നിന്ന് 3 ദശലക്ഷം കി.മീറ്റർ മാത്രം അകലത്തിലാണ് സ്ഥിതിചെയ്യുന്നത്. രണ്ടാമത്തെതാകട്ടെ 14 ദശലക്ഷം കി.മീറ്റർ അകലത്തിലും. ഇത് ബുധനും സൂര്യനും തമ്മിലുള്ള അകലത്തിനെക്കാൾ കുറവാണ്.

എന്തായാലും പ്ലൂട്ടോയെ പുറത്താക്കിയ പോലെ ഇതിലൊന്നിനേയും പുറത്താക്കാമെന്നു വിചാരിക്കേണ്ട. എല്ലാം ഭൂമിയേക്കാൾ വലിപ്പം കൂടിയവയാണ്


അഭിപ്രായങ്ങള്‍

  1. നല്ല ബ്ലോഗ്. ഇങ്ങനെയുള്ള അറിവുകള്‍ പങ്കുവെച്ചതിന് നന്ദി.


    സമയം കിട്ടുമ്പോള്‍ എന്റെ ബ്ലോഗിലും വരണേ......:)

    Thoolika

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതുവരെ

കൂടുതൽ‍ കാണിക്കുക