സൂര്യശരീരത്തിലൂടെ ശുക്രസഞ്ചാരം
ജൂൺ ആറാം തീയതി വരാൻ കാത്തിരിക്കയാണ് ശാസ്ത്രലോകം. അപൂർവ്വമായി മാത്രം സംഭവിക്കുന്ന ജ്യോതിശാസ്ത്ര പ്രതിഭാസങ്ങളിലൊന്നിനാണ് അന്ന് ലോകം സാക്ഷിയാവുന്നത്. സൂര്യന്റെ മുന്നിലൂടെ ശുക്രൻ ഒരു കറുത്ത പൊട്ടുപോലെ കടന്നു പോകുന്നത് നമുക്ക് ഭൂമിയിലിരുന്ന് കാണാൻ കഴിയും. ഇനി 2117ലാണ് ഈ പ്രതിഭാസം ഭൂമിയിലിരുന്ന് കാണാൻ കഴിയൂ. ഇന്നു ജീവിച്ചിരിക്കുന്നവരിൽ പലർക്കും അതിനുള്ള ഭാഗ്യം ഉണ്ടാവാൻ സാദ്ധ്യതയില്ല. അതുകൊണ്ട് നമ്മുടെ കാലവർഷം ഏതെങ്കിലും വിധത്തിൽ നമ്മോട് സഹകരിക്കാൻ തീരുമാനിക്കുകയാണെങ്കിൽ തീർച്ചയായും നിങ്ങൾ ഈ അവസരം 'മിസ്' ചെയ്യരുത്. ജൂൺ ആറാം തിയ്യതി കേരളത്തിലുള്ളവർക്ക് സൂര്യോദയത്തോടുകൂടിത്തന്നെ സൗരോപരിതലത്തിലൂടെ ശുക്രൻ തുഴഞ്ഞു പോകുന്നത് കാണാൻ കഴിയും. ഒമ്പതര വരെ ഇതു നീണ്ടു നിൽക്കും. ഈ പ്രതിഭാസത്തെ ശുക്രസംതരണം(Transits of Venus) എന്നാണ് പറയുന്നത്.
എട്ടു വർഷത്തെ ഇടവേളയുള്ള ജോഡിയകളായാണ് ശുക്രസംതരണം സംഭവിക്കാറുള്ളത്. ഈ ഒരു ജോഡിക്കു ശേഷം പിന്നീട് നൂറ്റിഅഞ്ചര വർഷങ്ങൾക്കു ശേഷമാണ് പിന്നീട് മറ്റൊരു ശുക്രസംതരണം ഉണ്ടാവുക. ഇതിനു മുമ്പ് 2004 ജൂൺ 8നായിരുന്നു. ഒരു ശുക്രസംതരണം ഉണ്ടായത്. ഇനി അടുത്തത് 2117 ഡിസംബർ 11നാണ് ദൃശ്യമാകുക.
ശുക്രസംതരണം ആദ്യമായി ലോകശ്രദ്ധ പിടിച്ചുപറ്റുന്നത് 1761ലാണ്. സൂര്യനും ഭൂമിയും തമ്മിലുള്ള ദൂരം കൃത്യമായി അളന്നത് അന്നായിരുന്നു. എഡ്മണ്ട് ഹാലിയാണ് ഇതിനുള്ള ഗണിതസൂത്രം കണ്ടെത്തിയത്. ആദ്യമായി ശുക്രസംതരണം പ്രവചിച്ചത് കെപ്ലർ ആയിരുന്നു. പക്ഷെ ദൗർഭാഗ്യകരമെന്നു പറയട്ടെ അദ്ദേഹത്തിന്റെ ഗണനക്രിയകളിലെ ഏതോ ചെറിയ തകരാറുകൾ നിമിത്തം 1631ൽ നടക്കുമെന്ന് അദ്ദേഹം പ്രവചിച്ച ശുക്രസംതരണം ആ വർഷത്തിൽ ആർക്കും കാണാൻ കഴിഞ്ഞില്ല. ജർമിയാക് ഹൊറോക്സ് എന്ന ബ്രിട്ടീഷ് ശാസ്ത്രജ്ഞനാണ് ആദ്യമായി ഈ പ്രതിഭാസത്തെ കൃത്യമായി പ്രവചിക്കുകയും 1639 ഡിസംബറിൽ തന്റെ ടെലസ്കോപ്പുപയോഗിച്ച് കടലാസിൽ സൂര്യന്റെ പ്രതിബിംബം വീഴ്ത്തി നിരീക്ഷിക്കുകയും ചെയ്തത്.
സൂര്യന്റെ നേരെ നോക്കി ഇപ്രാവശ്യത്തെ ശുക്രസംതരണം നേരിട്ടു തന്നെ കണ്ടുകളയാം എന്നാരും വിചാരിക്കരുതേ! പിന്നീട് നിങ്ങൾക്കൊരിക്കലും പ്രകൃതിയുടെ മനോഹാരിത കാണാൻ അവസരം ലഭിച്ചു എന്നു വരില്ല. ഏറ്റവും സുരക്ഷിതമായ നിശ്ചിതനിലവാരമുള്ള സോളാർ ഫിൽറ്ററുകൾ ഉപയോഗിക്കുക എന്നതാണ്. മറ്റൊരു നല്ല മാർഗ്ഗം ഒരു കണ്ണാടിയെടുത്ത് അതിൽ ഒരു കറുത്ത കടലാസ് പതിക്കുക. ഈ കടലാസിന്റെ നടുവിൽ ഏകദേശം 5mm വ്യാസത്തിൽ ചെറിയൊരു ദ്വാരമുണ്ടാക്കിയിരിക്കണം. ഇത് വെയിലത്തു വെച്ച് ചുമരിലേക്ക് സൂര്യനെ പ്രതിബിംബിക്കാം. ചുമരും കണ്ണാടിയും തമ്മിലുള്ള അകലം ക്രമീകരിച്ച് ചുമരിലെ സൂര്യന്റെ വലിപ്പം നമുക്കിഷ്ടമുള്ള രീതിയിലാക്കാം. ഇനി ചുമരിൽ ഈ അപൂർവ്വപ്രതിഭാസം നമുക്കു ദർശിക്കാം. ഈ രീതിക്കുള്ള ഒരു പോരായ്മ വ്യക്തത കുറയുമെന്നതാണ്. എങ്കിലും കണ്ണുകളയുന്നതിനെക്കാൾ നല്ലത് ഇതായിരിക്കും. A#14വെൽഡേഴ്സ്ഗ്ലാസും ഉപയോഗിക്കാവുന്നതാണ്.
ഏതായാലും ഈ അവസരം എങ്ങനെയെങ്കിലും ഉപയോഗിക്കാൻ ശ്രമിക്കുക. കണ്ടതിന്റെ അനുഭവം പങ്കുവെക്കാൻ മറക്കരുതേ. കാലാവസ്ഥ നമ്മോടു സഹകരിക്കും എന്നുതന്നെ പ്രതീക്ഷിക്കാം. “വിശ്വാസമല്ലേ എല്ലാം”
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ