ചൊവ്വയിലെ ഒഴുകുന്ന ജലത്തിന് പുതിയ തെളിവുകൾ

credit: NASA

ചൊവ്വയിൽ ജലസമ്പന്നമായ അരുവികൾ ഉണ്ടായിരുന്നതിന് പുതിയ തെളിവുകൾ ക്യൂരിയോസിറ്റിയിൽ നിന്നും ലഭിച്ചു. ഒടുവിൽ അയച്ച കോംഗ്ലോമെറേറ്റ് ശിലാദ്രവ്യങ്ങളുടെ ചിത്രങ്ങളിൽ നിന്നാണ് പുതിയ തെളിവുകൾ ശാസ്ത്രജ്ഞർ കണ്ടെടുത്തത്. ഇത്തരത്തിലുള്ള മണൽത്തരികൾ ചൊവ്വയിൽ നിന്നും ലഭിക്കുന്നത് ആദ്യമായാണെന്ന് ശാസ്ത്രജ്ഞർ പറഞ്ഞു. സെക്കന്റിൽ മൂന്നടിയെങ്കിലും വേഗതയിൽ ജലമൊഴുകിയാൽ മാത്രമേ ഇത്തരത്തിലുള്ള മണൽത്തരികൾ  രൂപപ്പെടുകയുള്ളു എന്നാണവരുടെ അഭിപ്രായം.
     ചൊവ്വയിലെ നീർച്ചാലുകൾ ഉണ്ടായിരുന്നതിനുള്ള തെളിവുകൾ ഇതിനു മുമ്പും ചൊവ്വയിൽ നിന്നും കിട്ടിയിട്ടുണ്ട്. എന്നാൽ ഒഴുക്കിൽ പെട്ട് രൂപം കൊണ്ട ഇത്തരം മണൽത്തരികൾ ആദ്യമായാണ് കണ്ടെത്തുന്നത്. ഗെയിൽ ഗർത്തത്തിന്റെ അരികിൽ നിന്നാണ് ഈ മണൽത്തരികൾ കണ്ടെടുത്തിരിക്കുന്നത്. ഊറൽ പാളികളായാണ് ഇതിവിടെ സ്ഥിതിചെയ്യുന്നത്. Peace Vallis എന്നു നാമകരണം ചെയ്തിരിക്കുന്ന അരുവിയിലെ ഉരുണ്ടതും മിനുസമാർന്നതുമായ കോംഗ്ലോമെറേറ്റ് ശിലകൾ ഇവിടെ ദീർഘകാലം ജലപ്രവാഹം ഉണ്ടായിരുന്നതിന്റെ സാക്ഷ്യമായി വർത്തിക്കുന്നു.
     ഒഴുകുന്ന ജലം ജൈവികപദാർത്ഥങ്ങൾ നിലനിൽക്കുന്നതിനുള്ള ഒരു അടിസ്ഥാനഘടകമാണ്. ഇതിവിടെ ഉണ്ടെന്നുള്ളതിനുള്ള പുതിയ തെളിവുകൾ ചൊവ്വയിൽ ജീവസാന്നിദ്ധ്യം അന്വേഷിക്കുന്നതിന് കൂടുതൽ ആവേശം നൽകുന്നതയി ക്യൂരിയോസിറ്റി ശാസ്ത്രസംഘം പറഞ്ഞു. ഇതിനു മുമ്പ് ഇവിടെ നിന്ന് കണ്ടെത്തിയ കളിമണ്ണിന്റെയും സൾഫേറ്റ് ലവനങ്ങളുടെയും സാന്നിദ്ധ്യവും ചൊവ്വയിൽ ജീവനുണ്ടായിരുന്നു എന്ന അനുമാനത്തിലെത്താൻ സഹായിക്കുന്ന തെളിവുകളാണ്. എങ്കിലും ഇതുറപ്പിക്കണമെങ്കിൽ ഇനിയും കുറെ കൂടി പോകാനുണ്ട്.

അഭിപ്രായങ്ങള്‍