..ഗുരുത്വ വീചികള്‍ കേള്‍ക്കാന്‍ ലിസ
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യത്തിലായിരുന്നു ഐന്‍സ്റ്റീന്‍ ഗുരുത്വ തരംഗങ്ങളെ(gravitational waves ) കുറിച്ച് പ്രവചിച്ചത്. പ്രസിദ്ധമായ സാമാന്യ ആപേക്ഷികതാ സിദ്ധാന്തത്തിലാണ് സ്ഥല-കാല വക്രത, ഗുരുത്വ മണ്ഡലം, ഗുരുത്വ തരംഗം തുടങ്ങിയ ആശയങ്ങള്‍ അദ്ദേഹം അവതരിപ്പിക്കുന്നത്. ഐന്‍സ്ടീന്റെ ചിന്താ പരീക്ഷണങ്ങളില്‍ നിന്ന് രൂപം കൊണ്ട ഈ ആശയങ്ങള്‍ക്ക് തെളിവുകള്‍ തേടിയുള്ള യാത്ര തുടങ്ങി പിന്നീട് ശാസ്ത്ര ലോകം. ഇതിനു ആദ്യത്തെ തെളിവ് ലഭിക്കുന്നത് 1974 ല്‍ ആയിരുന്നു. പരസ്പരം ഭ്രമണം ചെയ്തുകൊണ്ടിരിക്കുന്ന ഇരട്ട പല്‍സാരുകളെ(pulsar) കുറിച്ചുള്ള പഠനത്തില്‍ വിശദീകരിക്കാന്‍ കഴിയാതിരുന്ന ഒരിനം ഊര്‍ജത്തിന്റെ നഷ്ടം ഗവേഷകര്‍ നിരീക്ഷിക്കുകയുണ്ടായി. ഈ ഊര്‍ജ തരംഗങ്ങള്‍ ആയിരുന്നു ഗുരുത്വ തരംഗങ്ങള്‍ക്കുള്ള ആദ്യത്തെ തെളിവായി പിന്നീട് അംഗീകരിക്കപ്പെട്ടത്. 1993 ല്‍ ഇതിനു ഫിസിക്സിനുള്ള നോബല്‍ സമ്മാനവും ലഭിച്ചു
ഇപ്പോള്‍ ഗുരുത്വ തരംഗങ്ങളെ കുറിച്ചു പഠിക്കുന്നതിനുള്ള ഒരു ബഹിരാകാശ പേടകത്തിന്റെ നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് നാസയിലെയും യൂറോപ്യന്‍ സ്പേസ് എജന്സിയിലെയും ശാസ്ത്രജ്ഞര്‍. ലിസ (Laser Interferometer Space Antina ) എന്നാണ് ഇതിന്റെ പേര്. ഫിസിക്കല്‍ റിവ്യു ലെട്ടെഴ്സിന്റെ പുതിയ ലക്കത്തിലാണ് ലിസയെ കുറിച്ചുള്ള വിവരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്.
ഈ പുതിയ ഉപകരണം എല്ലാം കൊണ്ടും ഏറ്റവും കാര്യക്ഷമത ഉള്ളതായിരിക്കുമെന്നു ലേഖന കര്‍ത്താക്കളില്‍ ഒരാളും ജെറ്റ് പ്രോപ്പെല്ഷന്‍ ലബോറട്ടറിയിലെ (JPL ) ശാസ്ത്രജ്ഞനുമായ ബില്‍ ക്ളിപ്സ്ടയ്ന്‍ (Bill Klipstein ) പറഞ്ഞു. ഇടിയോടു കൂടിയ കനത്ത മഴക്കിടയില്‍ ഒരു തൂവല്‍ വീഴുന്ന ശബ്ദം പോലും പിടിച്ചെടുക്കാന്‍ മാത്രം ശേഷിയുള്ളതാണ് പുതിയ ഉപകരണമെന്നും അദ്ദേഹം വിശദീകരിച്ചു. ഗുരുത്വ തരംഗങ്ങളുടെ ഉത്ഭവ കേന്ദ്രങ്ങളായ തമോദ്വാരങ്ങള്‍, പള്‍സാറുകള്‍ തുടങ്ങിയവയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ ലിസക്ക് കഴിയും. ആകാശ ഗംഗയെ കുറിച്ചും മറ്റു വിദൂര ഗാലക്സികളെ കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകും.
മൂന്നു വ്യത്യസ്ത ബഹിരാകാശ പേടകങ്ങള്‍ അടങ്ങുന്നതാണ് ഈ ബ്രിഹത് പദ്ധതി. ഈ പേടകങ്ങള്‍ ലേസര്‍ ബീമുകള്‍ കൊണ്ട് പരസ്പരം ബന്ധിച്ചിരിക്കും. ഗുരുത്വ തരംഗങ്ങള്‍ എതെങ്കിലും രണ്ടു പേടകങ്ങള്‍ തമ്മിലുള്ള അകലത്തിലുണ്ടാക്കുന്ന ഒരു പിക്കോ മീറ്ററിന്റെ (ഒരു മുടിയിഴയുടെ 100 ദശ ലക്ഷത്തില്‍ ഒരംശം) വ്യതിയാനം പോലും പിടിച്ചെടുക്കാന്‍ ഈ സംവിധാനത്തിന് കഴിയും.
ഐന്‍സ്ടീന്റെ കാതുകള്‍ എന്ന് വിശേഷിപ്പിക്കുന്ന ലിസയുടെ നിര്‍മാണ പ്രക്രിയ ഏറെ പ്രയാസമുള്ളതും സമയമെടുക്കുന്നതും ആയിരിക്കുമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. വിക്ഷേപണത്തിനു 2020 വരെ എങ്കിലും കാത്തിരിക്കേണ്ടി വരും. പിന്നീട് നമുക്ക് കേള്‍ക്കാം പ്രപഞ്ചത്തിന്റെ പുതിയ ഭാഷ, പുതിയ സംഗീതം!
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ