പ്രണയദിനത്തിൽ താരരേണു ടെമ്പെലുമായി കൈകോർത്തു
Credit: NASA |
ഫെബ്രുവരി 14ന് ഭൂമിയിൽ നിന്നെത്തിയ സ്റ്റാര്‍ഡസ്റ്റ് എന്ന ബഹിരാകാശ പേടകവും ടെമ്പെൽ 1 എന്ന വാൽനക്ഷത്രവും 200 കി.മീറ്ററോളം അടുത്തു നിന്ന് (പ്രപഞ്ചദൂരങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇത് വളരെ ചെറിയ ദൂരമാണ്) പരസ്പരം കണ്ടു, 72ഓളം ഫോട്ടോകൾ എടുത്തു. പിന്നീട് ദുഖാർത്തരായി പിരിഞ്ഞു. ഭൂമിയിലെ ശാസ്ത്രജ്നർ സന്തുഷ്ടരായി.
ഭൂമിയിലെ ശാസ്ത്രജ്നർ ടെമ്പെലിന്റെ രഹസ്യങ്ങൾ ചോർത്തിയെടുക്കാൻ പറഞ്ഞയച്ചതായിരുന്നു സ്റ്റാർഡസ്ടിനെ. ഒപ്പിയെടുത്ത് 72 ഫോട്ടോകളിലൂടെ ഒരു വാൽനക്ഷത്രത്തിന്റെ ന്യൂക്ലിയസിനെ കുറിച്ചുള്ള നിരവധി വിവരങ്ങളാണ് നമുക്ക് ലഭിക്കുക. രണ്ടു പ്രാവശ്യം ഭൂമിയിൽ നിന്നുള്ള പേടകങ്ങളെ സന്ധിക്കാൻ ഭാഗ്യം ലഭിച്ച ഒരേയൊരു ധൂമകേതുവാണ് ടെമ്പെൽ. ആദ്യത്തെ സമാഗമം പക്ഷെ ടെമ്പെലിന് ഉണങ്ങാത്ത മുറിവാണു സമ്മാനിച്ചത്. ഡീപ് ഇമ്പാക്ട് അകത്തെ വിവരങ്ങൾ സമ്പാദിക്കാൻ ധൂമകേതുശരീരത്തിലേക്ക് ഇടിച്ചിറങ്ങുകയാണുണ്ടായത്. 2005 ഉണ്ടാക്കിയ ഈ മുറിപ്പാടും പുതിയ ചിത്രങ്ങളുടെ കൂട്ടത്തിൽ ഉണ്ടാവും. അതിന്റെ ഇന്നത്തെ അവസ്ഥ എങ്ങനെ എന്നറിയാൻ. സ്റ്റാർഡസ്റ്റും രണ്ടാമത്തെ ധൂമകേതുവിനെയാണിപ്പോൾ സന്ദർശിച്ചത്. 2004ൽ വൈൽഡ് 2 എന്ന ധൂമകേതുവിന്റെ അടുത്ത് ചെന്ന് അവിടെ നിന്ന് കുറെ പൊടിപടലങ്ങളെല്ലാം സമ്പാദിച്ച് 2006ൽ ഭൂമിയിൽ തിരിച്ചെത്തി.
വാൽനക്ഷത്രങ്ങളെ കുറിച്ചുള്ള പഠനം ഗ്രഹരൂപീകരണവുമായി ബന്ധപ്പെട്ട പല സംശയങ്ങൾക്കും ഉത്തരം നൽകുമെന്ന് കരുതുന്നു. ഇതു പോലെയുള്ള നിരവധി ഗ്രഹശകലങ്ങൾ കൂടിച്ചേർന്നാണ് ഗ്രഹങ്ങൾ ഉണ്ടായത് എന്നതിനാൽ വാൽനക്ഷത്രങ്ങളെ കുറിച്ചുള്ള പഠനം വളരെ പ്രാധാന്യം അർഹിക്കുന്ന ഒന്നു തന്നെയാണ്
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ