എടവം എന്ന ഋഷഭം

     






   
credit: allthesky.com
 ഇപ്പോൾ രാത്രി 8 മണിക്ക് തലക്കു മുകളിൽ ഇംഗ്ലീഷിലെ v എന്ന അക്ഷരം പോലെ ഏതാനും നക്ഷത്രങ്ങളെ കാണാൻ കഴിയും. ഇതാണ് ചാന്ദ്രഗണങ്ങളിലൊന്നായ രോഹിണി. ഇത് ഒന്നു കൂടി കിഴക്കു വടക്കു ഭാഗത്തേക്കു നീട്ടിയാൽ തിളക്കമുള്ള മറ്റു രണ്ടു നക്ഷത്രങ്ങളിലേക്കെത്തും. ഇവയെല്ലാം കൂടി  ഒരു കാളയുടെ തലയായാണ് സങ്കല്പിച്ചിരിക്കുന്നത്. ഇതാണ് ഋഷഭം എന്നു സംസ്കൃതത്തിലും എടവം എന്നു മലയാളത്തിലും പറയുന്ന നക്ഷത്ര ഗണം. ടാരസ് എന്ന ലാറ്റിൻ വാക്കിന്റെ അർത്ഥവും കാള എന്നു തന്നെയാണ്. ഓറിയോൺ എന്ന വേട്ടക്കാരനുമായി പോരിനടുക്കുന്ന കാളയാണത്രെ ഇത്. രാശിചക്രത്തിലെ ഗണങ്ങളിലൊന്നാണ് ഇത്.



     ഈ ഗണത്തിലെ ഏറ്റവും തിളക്കം കൂടിയ നക്ഷത്രമാണ് അൽ ദിബരാൻ. പിന്തുടരുന്നവൻ എന്നാണ് ഈ വാക്കിന് അർത്ഥം. ബഹ്മർഷി എന്നാണ് ഭാരതീയർ ഈ നക്ഷത്രത്തിന് നൽകിയിരിക്കുന്ന പേര്. ഇത് ദേഷ്യം വന്നു നിൽക്കുന്ന കാളയുടെ ചോരക്കണ്ണാണത്രെ. ബീറ്റാ(β)ടൌരി അഥവാ എൽ നാഥ് എന്ന നക്ഷത്രവും സീറ്റ ടൌരി എന്ന നക്ഷത്രവുമാണ് കാളയുടെ രണ്ടു കൊമ്പുകൾ. സീറ്റ(ζ)ടൌരി പരസ്പരം കറങ്ങികൊണ്ടിരിക്കുന്ന ഇരട്ട നക്ഷത്രങ്ങളാണ്. 133 ദിവസം കൂടുമ്പോൾ ഇവ ഒരു ഭ്രമണം പൂർത്തിയാക്കും. എൽ നാഥിന്റെ ഒരു ഡിഗ്രി വടക്കു പടിഞ്ഞാറു ഭാഗത്താണ് പ്രസിദ്ധമായ ക്രാബ് നെബുല(M1 ) സ്ഥിതി ചെയ്യുന്നത്. ടൈപ് 2 ഇനത്തിൽ പെട്ട ഒരു സൂപ്പർ നോവയുടെ അവശിഷ്ടമാണ് ഈ നെബുല. 1054 ജൂലൈ 4 പകൽ പോലും ഈ ഭാഗത്ത് ഒരു നക്ഷത്രത്തെ കണ്ടതായി ചൈനീസ് ചരിത്ര രേഖകളിൽ കാണുന്നു. ഈ സൂപ്പർ നോവാ സ്ഫോടനം ഭൂമിയിൽ ദൃശ്യമായതായിരുന്നു അത്. 


    ടൌരീഡ് ഉൽക്കാവർഷം, ബീറ്റാ ടൌരീഡ് ഉൽക്കാവർഷം എന്നീ രണ്ട് ഉൽക്കാവർഷങ്ങൾ ജൂൺ, ജൂലൈ മാസങ്ങളിലായി ഉണ്ടാകാറുണ്ട്.    അഞ്ച് സൌരേതര ഗ്രഹങ്ങളേയും ഈ ഗണത്തിൽ 
കണ്ടെത്തിയിട്ടുണ്ട്.


     ഗ്രീക്ക് ഇതിഹാസത്തിൽ ഫിനീഷ്യൻ രാജ്ഞിയായ യൂ‍റോപ്പയിൽ നിന്ന് സിയൂസ് ദേവൻ തട്ടിയെടുത്ത വെള്ളക്കാളയായും ഹെറാൿൾസിന്റെ 12 പരിചാരകരിൽ ഒരാളായ ക്രേറ്റൻ കാളയായും ഇതിനെ വിശേഷിപ്പിക്കുന്നുണ്ട്.

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതുവരെ

കൂടുതൽ‍ കാണിക്കുക