ഹബ്ബിളിന്റെ പിറന്നാൾ സമ്മാനം
credit: Hubble space telescope |
പ്രപഞ്ചത്തെ കുറിച്ചുള്ള സങ്കല്പങ്ങളിൽ തന്നെ വിപ്ലവകരങ്ങളായ പരിവർത്തനങ്ങളാണ് ഹബ്ബിൾ ബഹിരാകാശ ടെലിസ്കോപ്പ് അതിന്റെ 21 വർഷത്തെ പ്രവർത്തനങ്ങൾ കൊണ്ട് ഉണ്ടാക്കിയെടുത്തത്. 1990 ഏപ്രിൽ 24നാണ് ഇതിന്റെ പ്രവർത്തനം ആരംഭിക്കുന്നത്. പിന്നീട് നിരവധി പരിഷ്കരണങ്ങളും പുതുക്കലുകളും നടത്തി ഹബ്ബിൾ അതിന് പ്രവചിച്ചിരുന്ന 15 വർഷത്തെ ആയുസ്സിനെ മറികടന്നു.
മനോഹരമായ ഒരു ബഹിരാകാശ ചിത്രമാണ് ഈ വർഷം ഹബ്ബിളിന്റെ പിറന്നാൾ സമ്മാനമായി അതിന്റെ അണിയറ പ്രവർത്തകർ ലോകത്തിനു മുമ്പാകെ സമർപ്പിച്ചത്. ബഹിരാകാശത്തെ പനിനീർപുഷ്പം എന്നാണ് അവർ അതിനെ വിശേഷിപ്പിച്ചത്. പരസ്പരം ഒന്നാകാൻ പോകുന്ന രണ്ടു ഗലക്സികളാണ് ഈ ചിത്രത്തിന്റെ ഉള്ളടക്കം. Arp 273 എന്നാണ് ഇതിന് അവർ നൽകിയിട്ടുള്ള പേര്. ഇതിലെ വലിയ ഗാലക്സി UGC 1810 എന്നും ചെറിയ ഗാലക്സി UGC 1813 എന്നും അറിയപ്പെടുന്നു. ചെറിയ ഗലക്സിയിലെ അഗ്രങ്ങളിൽ കാണുന്ന നീലനിറം ചൂടു കൂടിയതും പ്രായം കുറഞ്ഞതുമായ നക്ഷത്രങ്ങളെ സൂചിപ്പിക്കുന്നു.
UGC1810ന്റെ ദ്രവ്യമാനം UGC1813ന്റേതിനേക്കാൾ അഞ്ച് മടങ്ങ് കൂടുതലാണ്. വിദൂരഭാവിയിൽ വലീയ അതിന്റെ ഗുരുത്വാകർഷണ ബലം ഉപയോഗിച്ച് ചെറിയതിനെ വലിച്ചെടുക്കും.
ആൻഡ്രോമീഡ നക്ഷത്രഗണത്തിന്റെ ദിശയിൽ 300 പ്രകാശവർഷം അകലെയാണ് Arp 273ന്റെ സ്ഥാനം. 2010 ഡിസംബർ 17ന് ഹബ്ബിളിലെ വൈഡ് ഫീൽഡ് കാമറ 3(WFC 3) ഉപയോഗിച്ച് എടുത്തതാണ് ഈ ചിത്രം.
വീഡിയോ ഇവിടെ കാണാം.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ