പ്രണയദൂതുമായി വോയെജർ




credit: NASA

     ഒരു യുവതിയുടെ പ്രണയ ഭാവത്തിന്റെ മസ്തിഷ്കതരംഗങ്ങളെ ആവാഹിച്ചെടുത്ത് അങ്ങു ദൂരെ സൌരയൂഥത്തിനുമപ്പുറം കാത്തിരിക്കുന്ന ഒരു അജ്നാത കാമുകന് കൈമാറാനുള്ള യാത്രയിലാണ് വോയെജർ രണ്ടാമൻ. ഭാഷ ഒരു പ്രശ്നമാകില്ല, മസ്തിഷ്കതരംഗങ്ങൾ പരസ്പരം പങ്കു വെക്കാനായാൽ. 30 വർഷത്തിലേറെയായി യാത്ര തുടങ്ങിയിട്ട്. അന്നത്തെ ആ യുവതിക്ക് ഇപ്പോൾ എന്തായിരിക്കും പ്രായം? ഇനിയും എത്ര ആയിരം വർഷം കഴിയും ആ സന്ദേശം ലക്ഷ്യത്തിലെത്താൻ?

     സംഗീതത്തെ സ്നേഹിച്ചിരുന്ന ശാസ്ത്രജ്നനായിരുന്നു കാൾ സാഗൻ. പ്രണയമില്ലാതെ എന്തു സംഗീതം? അതു കൊണ്ടു തന്നെയായിരിക്കണം തന്റെ സ്വപ്ന പദ്ധതിയിൽ ഒരു പ്രണയസന്ദേശം കൊരുത്തു വെക്കാൻ അദ്ദേഹം തീരുമാനിച്ചത്. ഇതു കൂടാതെ ഇന്ത്യയുടെ വാനമ്പാടി ലതാമങ്കേഷ്കറുടെതടക്കം നിരവധി പ്രശസ്ത സംഗീതജ്നരുടെ ഗാനങ്ങളുടെ സാമ്പിളുകളും ഇതിലുണ്ട്. ഭൂമിയുടെ വ്യത്യസ്ത ഭാഗങ്ങളുടെ 118 ഫോട്ടോഗ്രാഫുകളും വ്യത്യസ്തങ്ങളായ കുറെ ശബ്ദങ്ങളും റെക്കോർഡു ചെയ്തവയുടെ കൂട്ടത്തിലുണ്ട്. പിന്നെ 55 ഭാഷകളിലുള്ള ആശംസാസന്ദേശങ്ങളും. ഇവയെല്ലാമായി വോയേജർ പേടകങ്ങൾ ഇപ്പോഴും യാത്ര തുടർന്നു കൊണ്ടിരിക്കുകയാണ്. പോകുന്ന വഴിയിൽ കാണുന്ന വിവരങ്ങളെല്ലാം അപ്പപ്പോൾ ഭൂമിയിലേക്കറിയിച്ചു കൊണ്ട്.

     വോയേജർ 1 യാത്രക്കിടയിൽ വ്യാഴത്തിനോടും ശനിയോടുമൊപ്പം കുറച്ചു കാലം തങ്ങിയതിനു ശേഷമാണ് യാത്ര തുടർന്നത്. ഇവയെ കുറിച്ചുള്ള കുറെ വിവരങ്ങൾ ശേഖരിച്ച് ഭൂമിയിലേക്ക് കൈമാറുകയും ചെയ്തു. വോയേജർ രണ്ടാകട്ടെ ഈ ഗ്രഹങ്ങളുടെ സമീപത്തു കൂടി വളരെ വേഗത്തിൽ കടന്നു പോയി. യുറാ‍നസ്സിനും നെപ്ട്യൂണിനും അരികിലാണ് ഇത് വിശ്രമസമയം കണ്ടെത്തിയത്. യുറനസ്സിനെയും നെപ്ട്യൂണിനെയും സന്ദർശിച്ച ഒരേയൊരു ബഹിരാകാശ പേടകവും വോയേജർ രണ്ടാണ്. ഈ ഗ്രഹങ്ങളുടെ ഗുരുത്വബലത്തിൽ നിന്നും തുടർ‌യാത്രക്കുള്ള ഊർജ്ജത്തിന്റെ ഒരു പങ്ക് കണ്ടെത്താനും ഇവ മറന്നില്ല.

     വ്യാഴത്തിന്റെ ഉപഗ്രഹമായ ഇയോയിലെ അഗ്നിപർവ്വതങ്ങൾ, യൂറോപ്പയുടെ മഞ്ഞു മൂടിയ പ്രതലത്തിനടിയിലെ സമുദ്രം, ശനിയുടെ ഉപഗ്രഹമായ ടൈറ്റാനിലെ മീഥൈൻ വർഷം, യുറാനസ്സിന്റെയും നെപ്ട്യൂണിന്റെയും കാന്തിക മണ്ഡലങ്ങളെ കുറിച്ചുള്ള വിവരങ്ങൾ, നെപ്ട്യൂണിന്റെ ഉപഗ്രഹമായ ട്രിറ്റോണിലെ ഗീസറുകൾ തുടങ്ങി നിരവധി പുതിയ അറിവുകളാണ് ഇവ ഭൂമിയിലെ മനുഷ്യർക്കു വേണ്ടി ശേഖരിച്ചത്.

credit: NASA
     സൌരയൂഥത്തിന്റെ അതിർത്തി എന്നു പറയുന്നത് സൌരവാതവും സൂര്യന്റെ കാന്തിക മണ്ഡലവും അവസാനിക്കുന്ന ഇടത്തെയാണ്. ഇതിനെ സൌരയൂഥത്തെ പൊതിഞ്ഞിരിക്കുന്ന ഒരു ഭീമൻ കുമിളയായി സങ്കല്പിക്കാം. ഇതിനെ ഹീലിയോസ്ഫിയർ എന്നാണു പറയുക. പ്ലൂട്ടോയുടെ ഭ്രമണപഥത്തെക്കാൾ മൂന്നു മടങ്ങു വിസ്തൃതിയുണ്ട് ഇതിന്. ഗ്രഹങ്ങളും ഉപഗ്രങ്ങളും ആസ്ട്രോയിഡുകളും വാൽനക്ഷത്രങ്ങളും എല്ലാം അടങ്ങുന്ന സൌരയൂഥം ഇതിനകത്താണ് സ്ഥിതി ചെയ്യുന്നത്. ഹീലിയോസ്ഫിയറിന്റെ പുറംഭാഗത്തെ ഹീലിയോസ്‌ഹീത്ത് എന്നു പറയും. ഇതിനു തന്നെ മൂന്നോ നാലോ ബില്യൺ മൈൽ കനം കാണുമത്രെ. ഇതിനടുത്താണ് ഇപ്പോൾ വോയേജറുകൾ എത്തി നിൽക്കുന്നത്. അഞ്ചു വർഷത്തിനുള്ളിൽ അതിർത്തി കടക്കാനായേക്കും. മറ്റു പ്രശ്നങ്ങളൊന്നും ഉണ്ടായില്ലെങ്കിൽ.

     നക്ഷത്രലോകത്തേക്കുള്ള നമ്മുടെ നിശ്ശബ്ദനായ അമ്പാസിഡർ എന്നാണ് വോയേജർ പ്രോജക്റ്റ് സയന്റിസ്റ്റായ എഡ് സ്റ്റോൺ വോയേജറിനെ വിശേഷിപ്പിച്ചത്.

     വോയേജർ ദൌത്യത്തിന് നേതൃത്വം കൊടുത്ത കാൾ സാഗൻ ഇങ്ങനെ പറഞ്ഞു: ഒരു ബില്യൺ വർഷങ്ങൾക്കപ്പുറം ഭൂമി നമുക്കു സങ്കല്പിക്കാനാകാത്ത വിധത്തിൽ നശിച്ചു കഴിയുമ്പോൾ വോയേജറിലെ ശബ്ദശേഖരം നമുക്കു വേണ്ടി സംസാരിക്കും.

     സൌരയൂഥത്തിനു പുറത്തുള്ള ഏതെങ്കിലും ഗ്രഹങ്ങളിലെ ജീവികൾ വോയേജറിനെ കണ്ടെടുക്കുക തന്നെ ചെയ്യും എന്നു വിശ്വസിക്കുന്നവരും കുറവല്ല. പക്ഷെ ഏതെങ്കിലും ഒരു നക്ഷത്രത്തിനടുത്തെത്തണമെങ്കിൽ തന്നെ ചുരുങ്ങിയത് 40,000 വർഷങ്ങളെങ്കിലും വേണ്ടിവരുമത്രെ.

എങ്കിലും നമുക്കു പ്രതീക്ഷിക്കാം, അപ്രതീക്ഷിതമായതിനെ.....

അഭിപ്രായങ്ങള്‍

  1. ഇത്ര നല്ല ഒരു പോസ്റ്റിനു നന്ദി മാഷേ....

    മറുപടിഇല്ലാതാക്കൂ
  2. മാഷെ നല്ല ലേഖനം. ഒരു സംശയമുണ്ട്. ഇന്ത്യയില്‍ നിന്നും കേസര്‍ഭായി കേര്‍ക്കറുടെ സ്വരമാണ് ഉള്പ്പെടുത്തിയിരിക്കുന്നത് എന്നാണ് എന്റെ അറിവ്. ലതാ മങ്ഗെഷ്കരുടേത് ആണെന്ന്‍ എവിടെയാണ് വായിച്ചത് എന്ന്‍ പറയാമോ? അക്കാര്യം ഒരു പരിശോധിക്കാമോ?

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. തെറ്റു ചൂണ്ടിക്കാണിച്ചതില്‍ നന്ദി. http://voyager.jpl.nasa.gov/spacecraft/music.html

      ഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതുവരെ

കൂടുതൽ‍ കാണിക്കുക