കണ്ണെത്തും ദൂരത്ത് ഒരു സൌരേതരഗ്രഹം





     എന്നു പറഞ്ഞാൽ അങ്ങനെയൊന്നും കാണാൻ പറ്റില്ല കേട്ടോ. ഈ ഗ്രഹയൂഥത്തിന്റെ മാതൃനക്ഷത്രത്തിനെ ശ്രദ്ധിച്ചു നോക്കിയാൽ കാണാൻ കഴിയും എന്നു മാത്രം. ഇതു വരെ കണ്ടെത്തിയ സൌരേതര ഗ്രഹങ്ങളുടെ മാതൃനക്ഷത്രങ്ങളെയൊന്നും നഗ്നനേത്രങ്ങൾ കൊണ്ടു കാണാൻ പറ്റില്ല. കേരളത്തിലുള്ളവർക്ക് ഈ കാലത്ത് രാത്രി എട്ടു മണി സമയത്ത് തലക്കു മുകളിൽ കാണാൻ കഴിയുന്ന ഒരു നക്ഷത്രഗണമാണ് കർക്കിടകം(cancer).  ഈ ഗണത്തിലെ ഒരു നക്ഷത്രമാണ് 55 Cancri. ഇത് മഞ്ഞും മഴക്കാറും ഒട്ടും പ്രകാശവും ഇല്ലാത്ത സ്ഥലത്തു നിന്നു നോക്കുകയാണെങ്കിൽ നമുക്കും കാണാൻ കഴിയും. ചിത്രത്തിൽ ചുവന്ന വലയത്തിനുള്ളിലെ രണ്ടു നക്ഷത്രങ്ങളിൽ താഴെയുള്ളതാണ് 55 Cancri. ഭൂമിയിൽ നിന്ന് 40 പ്രകാശ വർഷം അകലെയാണ് ഇതിന്റെ സ്ഥാനം. കാന്തിമാനം 6. എന്നു പറഞ്ഞാൽ നമുക്കു ശ്രദ്ധിച്ചു നോക്കിയാൽ കാണാൻ കഴിയുന്ന ഒരു നക്ഷത്രമാണ് എന്നർത്ഥം. ഒരു മഞ്ഞ കുള്ളനും ഒരു ചുവപ്പു കുള്ളനും ചേർന്ന ഒരു ഇരട്ട നക്ഷത്രമാണിത്. ഇവ തമ്മിലുള്ള അകലം 1000 AU ആണ്. അതായത് സൂര്യനും ഭൂമിയും തമ്മിലുള്ള അകലത്തിന്റെ 1000 മടങ്ങ്.

       1997ലാണ് ഈ നക്ഷത്രത്തിന്റെ ആദ്യത്തെ ഗ്രഹത്തെ കണ്ടെത്തിയത്. പിന്നീട് ഇതു വരെയായി അഞ്ച് ഗ്രഹങ്ങളെ കണ്ടെത്തിയിട്ടുണ്ട്. 2004ൽ കണ്ടെത്തിയ നാലാമത്തെ ഗ്രഹമാണ് 55 Cnc e. അന്ന് ഇതിന്റെ പിണ്ഡം ഭൂമിയുടെ പിണ്ഡത്തിന്റെ 14.2 മടങ്ങു വരും എന്നാണ് കണക്കാക്കിയിരുന്നത്. എന്നാൽ ഏറ്റവും ഒടുവിലത്തെ ചില പഠനങ്ങളിൽ ഇത് തിരുത്തപ്പെട്ടിരിക്കുകയാണ്. മസാച്ചുസെറ്റ്സ് ഇൻസ്റ്റിട്യൂട്ട് ഓഫ് ടെക്നോളജിയിലെ ശാസ്ത്രജ്നനായ ജോഷ്വാ വിൻ നടത്തിയ പഠനത്തിൽ പറയുന്നത് ഈ ഗ്രഹത്തിന്റെ പിണ്ഡം ഭൂമിയുടെ പിണ്ഡത്തിന്റെ ഏകദേശം ഒമ്പതു മടങ്ങും ആരം ഏകദേശം 1.7 മടങ്ങും ആയിരിക്കും എന്നാണ്.
     സാന്ദ്രത ഏകദേശം 12g cm-3 ആയിരിക്കുമത്രെ. ഭൂമിയുടെ ആപേക്ഷിക സാ‍ന്ദ്രത 5.515 g cm-3 ആണ്. ഇങ്ങനെയാണെങ്കിൽ ഇതൊരു ശിലാഗ്രഹം ആയിരിക്കുമെന്നാണ് വിചാരിക്കുന്നത്. മാത്രമല്ല അഗ്നിപർവ്വതങ്ങളും കട്ടി കൂടിയ അന്തരീക്ഷവും ഉണ്ടായിരിക്കുമെന്നും ജ്വോഷ്വായും സംഘവും പറയുന്നു.

     ഏതായാലും ഖസാക്കിലെ രവിയുടെ അമ്മ നക്ഷത്രക്കുഞ്ഞുങ്ങളെ കാണിച്ചു കൊടുത്തിരുന്നതു പോലെ നമുക്കും പറഞ്ഞു കൊടുക്കാം അതാ ആ കാണുന്ന നക്ഷത്രത്തിനു ചുറ്റും അഞ്ചു ഗ്രഹങ്ങളുണ്ടെന്നും അതിലൊന്ന് ഭൂമിയെ പോലെ ഉറച്ചതാണെന്നും അതിന് അന്തരീക്ഷമുണ്ടെന്നും........!!!!!!!!!!
    

അഭിപ്രായങ്ങള്‍

  1. അനന്തമജ്ഞാതമവര്‍ണ്ണനീയം
    ഈലോകഗോളം തിരിയുന്ന മാര്‍ഗ്ഗം
    അതിങ്കലെങ്ങാണ്ടൊരിടത്തിരുന്നു
    നോക്കുന്ന മര്‍ത്യന്‍ കഥയെന്തറിഞ്ഞു

    പുതിയ ലേഖനങ്ങള്‍ക്കായി കാത്തിരിക്കുന്നു

    മറുപടിഇല്ലാതാക്കൂ
  2. നന്ദി.

    “വാനഗോളങ്ങളെടുത്തമ്മാനമാടും
    ഞാനാണജ്ജയനാം മനുഷ്യൻ”

    എന്ന് വയലാറും പാടിയിട്ടുണ്ട്

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതുവരെ

കൂടുതൽ‍ കാണിക്കുക