പുലർകാല ഗ്രഹസംഗമം
സൂര്യോദയത്തിനു മുമ്പ് എഴുന്നേൽക്കാറുണ്ടോ? ഇല്ലെങ്കിൽ ഒരു ദിവസം അഞ്ചരക്ക് ഉണർന്ന് നിങ്ങളുടെ കിടപ്പുമുറിയുടെ കിഴക്കു ഭാഗത്തുള്ള ജനവാതിൽ തുറന്ന് ആകാശത്തേക്കൊന്നു നോക്കൂ. മൂന്നു തിളക്കമേറിയ നക്ഷത്രങ്ങളെ കാണാം. യഥാർത്ഥത്തിൽ അവ നക്ഷത്രങ്ങളല്ല- ഗ്രഹങ്ങളാണ്. ബുധൻ, ശുക്രൻ, വ്യാഴം, എന്നിവ.
ഇന്ന് ശുക്രനും വ്യഴവും വളരെ അടുത്തടുത്ത് ആയിരുന്നു. എന്തോ സ്വകാര്യം പറയുന്ന പോലെ. 6.50 വരെയും ശുക്രനെ കാണാൻ കഴിഞ്ഞു—പുലർകാലവെളിച്ചം പരക്കുന്നതു വരെക്കും!!!
ഇനിയുള്ള ഓരോ ദിവസവും നിരീക്ഷിക്കുകയാണെങ്കിൽ ഇവയുടെ സ്ഥാനചലനം വളരെ വ്യക്തമായി നിരീക്ഷിക്കാനാവും. അതിനു സഹായിക്കുന്ന ഒരു വീഡിയോ ഇവിടെ കാണാം. മെയ് 13ന് ശുക്രനും വ്യാഴവും ബുധനും ചേർന്ന് ഒരു സമപാർശ്വ ത്രികോണം സൃഷ്ടിക്കുന്നതു കാണാം. മെയ് 20ന് മറ്റൊരു ത്രികോണം കാണാം. ഇത് സൃഷ്ടിക്കുന്നത് ചൊവ്വയും ശുക്രനും ബുധനും ചേർന്നായിരിക്കും. ചൊവ്വ കുറെ മങ്ങിയതായിരിക്കും എന്നു മാത്രം. പ്രാതലിനൊപ്പം ഒരു ജ്യാമിതി ക്ലാസ് കൂടിയാവാം അല്ലേ? മെയ് 30ന് ഈ പ്രദർശനം അതിന്റെ ക്ലൈമാക്സിലെത്തും. അന്ന് ചന്ദ്രനും ഒരു കലയായി ഇവരോടൊപ്പം ചേരും. മഴക്കാറില്ലെങ്കിൽ ഓരോ ദിവസവും നമുക്ക് ആസ്വദിക്കാം—ഗ്രഹങ്ങളുടെ സംഘനൃത്തം!
ഇനിയെന്തു കാരണം വേണം നേരത്തെ ഉണരാൻ?
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ