അറിവിന്റെ പ്രഭാതം

credit: NASA



    നാസയുടെ ഡോൺ(Dawn) എന്ന ബഹിരാകാശ പേടകം ആസ്റ്ററോയ്‌ഡ് ബെൽറ്റിലെ ഭീമനായ വെസ്റ്റക്കു ചുറ്റും കറങ്ങി തുടങ്ങി. തുടർന്ന് അവയുടെ ക്ലോസ് അപ്പ് ചിത്രങ്ങൾ ഭൂമിയിലേക്ക് അയക്കാനും. ഭൂമിയിലെ ദൂരദർശിനികളിലൂടെയും മറ്റു ബഹിരാകാശ ദൂരദർശിനികളിലൂടെയും ലഭിച്ച ചിത്രങ്ങൾ മാത്രമേ ഇതു വരെയും നമ്മുടെ കൈയ്യിൽ ഉണ്ടായിരുന്നുള്ളു. അവയാകട്ടെ ഇതിന്റെ ഉപരിതലത്തെ കുറിച്ചു പഠിക്കുന്നതിന് വേണ്ടത്ര ഉപയുക്തമാകാത്തവയും ആയിരുന്നു. ഇതിനാണ് ഇപ്പോൾ ഒരു പരിഹാരമായിരിക്കുന്നത്. ഈ ചിത്രങ്ങൾ വെസ്റ്റയിലെ പർവ്വതങ്ങളെയും ഗർത്തങ്ങളെയും കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ നമുക്കു ലഭ്യമാക്കും. സൗരയൂഥത്തിന്റെ ആദ്യകാലത്തെ കുറിച്ചുള്ള പഠനങ്ങൾക്ക് ഇത് കൂടുതൽ കരുത്തേകും.


     വെസ്റ്റയുടെ 16000കി.മീറ്റർ സമീപത്തു നിന്നുള്ള ദൃശ്യങ്ങളാണ് ഡോൺ ഇപ്പോൾ ലഭ്യമാക്കിക്കൊണ്ടിരിക്കുന്നത്. ഇതാദ്യമായാണ് വെസ്റ്റയുടെ ഇത്രയും അടുത്തു നിന്നുള്ള ദൃശ്യങ്ങൾ കിട്ടുന്നത്. ആഗസ്റ്റു മുതൽ ലഭ്യമായ വിവരങ്ങൾ വിശകലനം ചെയ്തു തുടങ്ങും. ഈ  പഠനങ്ങളിലൂടെ സൗരയൂഥത്തിന്റെ ആദ്യാധ്യായങ്ങളാണ് രചിക്കപ്പെടാൻ പോകുന്നത്.


     530 കി.മീറ്ററാണ് ഇതിന്റെ വ്യാസം.ഭൂമിയിൽ നിന്നും 188 മില്യൺ കി.മീറ്ററുകൾക്കകലെയാണ് സ്ഥാനം. ഭൂമിയുടെ അന്തരീക്ഷത്തിലേക്കു പ്രവേശിക്കുന്ന നിരവധി ഉൽക്കകളുടെ പ്രഭവസ്ഥാനവും വെസ്റ്റയാണെന്നു കരുതപ്പെടുന്നു.


    നാലു വർഷം മുമ്പ് ഭൂമിയിൽ നിന്ന് യാത്ര തിരിച്ച ഡോൺ 2.8 ബില്യൻ കി.മീറ്ററുകൾ താണ്ടി ജൂലൈ 15നാണ് ലക്ഷ്യം കണ്ടത്. സെക്കന്റിൽ 6.7 കി.മീറ്റർ വേഗതയിലായിരുന്നു യാത്ര. ഇതു വരെ നിർമ്മിച്ചിട്ടുള്ള ബഹിരാകാശ പേടകങ്ങളിൽ വെച്ച് ഏറ്റവും കൂടിയ വേഗത!!!


     ഡോൺ ഒരു വർഷം വെസ്റ്റയുടെ അടുത്ത് ചെലവഴിക്കും. പിന്നീട് അടുത്ത സ്വീകരണ കേന്ദ്രമായ സിറസ് എന്ന കുള്ളൻ ഗ്രഹത്തിനു സമീപത്തേക്കു നീങ്ങും. 2015 ഫെബ്രുവരി മുതൽ സിറസിനെ കുറിച്ചുള്ള വിവരങ്ങൾ ഭൂമിയിലേക്കയച്ചു തുടങ്ങും.
വെസ്റ്റയും മറ്റു പ്രധാന ആസ്റ്ററോയ്‌ഡുകളും 

അഭിപ്രായങ്ങള്‍