ജീവരേണുക്കൾ തേടി ചൊവ്വയിലേക്കു വീണ്ടും
ഇരുപത്തിയാറാം തിയ്യതി നാസയുടെ പുതിയ ചൊവ്വാ പര്യവേക്ഷണപേടകമായ ക്യൂറിയോസിറ്റി ഭൂമിയിൽ നിന്നും കുതിക്കും. ചൊവ്വയെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയുകയാണ് ലക്ഷ്യം. പ്രത്യേകിച്ച് അവിടെ ജീവന്റെ തരികൾ വല്ലതും കിടപ്പുണ്ടോ എന്ന്. ചൊവ്വജീവികളെ കുറിച്ചുള്ള കഥകൾ ഒരു കാലത്ത് ധാരാളമായി ഇറങ്ങിയിരുന്നു. ചൊവ്വയിലെ ചാലുകൾ കണ്ടെത്തിയതായി വന്ന വാർത്തയായിരുന്നു ഈ കഥകൾക്ക് കാരണമായത്. ഈ ചാലുകളിലൂടെ വെള്ളമൊഴുകുന്നുണ്ടെന്നും അവിടെ മനുഷ്യരെക്കാൾ വികസിച്ച ജീവികൾ ഉണ്ടെന്നും അവർ കൃഷി ചെയ്യുന്നുണ്ടെന്നുമെല്ലാം ആ കാലങ്ങളിൽ പ്രചരിച്ചു. ഭൂമിയെ അക്രമിക്കാൻ വരുന്ന ചൊവ്വാ ജീവികളെ കുറിച്ചും കഥകളുണ്ടാക്കി. പക്ഷെ ഇപ്പോൾ നമുക്കറിയാം ഇതെല്ലാം വെറും കഥകളാണെന്ന്. പിന്നെ എന്തിനാണിങ്ങനെയൊരു യാത്ര? ജീവസാന്നിദ്ധ്യം തേടി ചെമ്പൻ ഗ്രഹത്തിലേക്ക്!
മനുഷ്യന്റെ ജിജ്ഞാസക്ക് അതിരുകളില്ല എന്നതു തന്നെയാണ് ഒരു കാരണം. ഈ ജിജ്ഞാസയാണ് പുതിയ ചോദ്യങ്ങളിലേക്കും പുതിയ ഉത്തരങ്ങളിലേക്കും അവനെ എത്തിക്കുന്നത്. ചൊവ്വയിൽ ഉയർന്ന ജീവരൂപങ്ങൾ ഇല്ല എന്ന കാര്യം ഉറപ്പായതാണെങ്കിലും മൈക്രോബിയൽ തലത്തിലുള്ള ജീവന്റെ ശേഷിപ്പുകൾ ഉണ്ടായെങ്കിലോ എന്ന ജിജ്ഞാസയിൽ "ക്യൂറിയോസിറ്റി"യുടെ പുറപ്പാട്. സബ്സർഫൈസ് തലത്തിൽ ജലമുണ്ടോ എന്നും അത് ജീവന്റെ സാധ്യതകളെ കുറിച്ച് വല്ല വിവരങ്ങൾ തരുന്നുണ്ടോ എന്നും മനസ്സിലാക്കാനാണ് പ്രധാനമായും ഈ അത്ഭുത പേടകം പോകുന്നത്.
ഇരുപത്തിയാറാം തിയ്യതി അമേരിക്കൻ സമയം രാവിലെ 10.02ന്(EST) ഫ്ലോറിഡയിലെ കേപ്കനാവറിൽ നിന്നും Atlas V റോക്കറ്റിലേറി Curiosity Mars rover യാത്ര പുറപ്പെടും. 2012 ആഗസ്റ്റ് മാസത്തിൽ ചൊവ്വയിൽ ചെന്നിറങ്ങും. 154 കി.മീറ്റർ വിസ്താരമുള്ള ഗെയിൽ ഗർത്തത്തിനു സമീപത്തായിരിക്കും ലാന്റിങ്. പിന്നീട് ഏഴു മീറ്റർ നീളമുള്ള കൈ ഉപയോഗിച്ച് അവിടത്തെ മണ്ണും പാറയും ചികഞ്ഞെടുത്ത് അവയുടെ രാസഘടന പഠിക്കും. ഈ ഗർത്തത്തിൽ കണ്ടെത്തിയിട്ടുള്ള കളിമണ്ണും സൾഫേറ്റ് ധാതുക്കളും ഒരു കാലത്ത് അവിടെ ദ്രാവകാസ്ഥയിലുള്ള ജലമുണ്ടായിരുന്നതിന്റെ തെളിവായി ശാസ്ത്രജ്ഞർ കരുതുന്നു. ഇത് ശരിയാണോ എന്ന് ഉറപ്പിക്കേണ്ടത് കുറിയോസിറ്റിയുടെ കർത്തവ്യമാണ്. ചൊവ്വയുടെ ബാഹ്യപ്രതലത്തിനടിയിൽ ദ്രവജലമുണ്ടോ എന്നും കണ്ടെത്തേണ്ടതുണ്ട്. ജലം ജീവന്റെ നിലനില്പിന് അത്യന്താപേക്ഷിതമാണ് എന്നതിനോടൊപ്പം തന്നെ ജലമുണ്ടെങ്കിൽ അവിടെ ജീവനുണ്ടാകാനുള്ള സാദ്ധ്യത കൂടുതലാണ് എന്നും പറയാം. എങ്കിലും ഇതുവരെയും ചൊവ്വയിൽ നിന്ന് ജൈവഘടകങ്ങൾ കണ്ടെത്തിയിട്ടില്ല.
മൂന്നു മീറ്റർ നീളവും 900 കി.ഗ്രാം ഭാരവുമുള്ള ഈ ചൊവ്വാസഞ്ചാരിക്ക് അതിന്റെ മുൻഗാമികളായ സ്പിരിറ്റ്, ഓപ്പോർച്യൂണിറ്റി എന്നിവയെക്കാൾ രണ്ടു മടങ്ങു വലിപ്പവും അഞ്ചു മടങ്ങ് ഭാരവുമുണ്ട്. ആദ്യവർഷം ഇരുപതു കിലോമീറ്റർ സഞ്ചരിച്ച് പഠനം നടത്തുമത്രെ. ആയുസ്സ് കണക്കാക്കിയിട്ടില്ല. അതിന് ആരോഗ്യമുള്ളീടത്തോളം ജോലി ചെയ്യട്ടെ എന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്.
ഇനി കാത്തിരിക്കാം ചൊവ്വയിൽ നിന്നുള്ള പുതിയ വിശേഷങ്ങൾക്കായി. ഭാവനയുള്ളവർ പുതിയ കഥകൾ മെനയാൻ തയ്യാറായിക്കൊള്ളുക!!!
കൂടുതൽ വിവരങ്ങൾ ഇവിടെ
ഭൂമിയെ മാലിന്യങ്ങള്‍ ഇങ്ങനെ ആക്കി,ഇനി വെറുതെ ഇരിക്കുന്ന ചൊവ്വയും മാളിന്യങ്ങലാല്‍ "സമ്പുഷ്ടം" ആക്കാന്‍ വേണ്ടിയായിരിക്കും ക്യൂറിയോസിറ്റി ടെ യാത്ര.എന്ത് തന്നെ ആയാലും എല്ലാ ഭാവുകങ്ങളും,ക്യൂറിയോസിറ്റിക്കും ഷാജി ഏട്ടനും.....അരുണ്‍
മറുപടിഇല്ലാതാക്കൂനമ്മളൊക്കെ ഇനി എന്നാണാവോ അങ്ങോട്ട് പോകുന്നത് ...?
മറുപടിഇല്ലാതാക്കൂഫൈസൂനെന്താ ഈ സുന്ദരതീരത്ത് ജീവിച്ച് മത്യായോ? എന്തായാലും കുറച്ചു താമസിച്ചാലും അത്ണ്ടാവുംന്നന്യാ പറേണ് കേട്ടത്.
മറുപടിഇല്ലാതാക്കൂഅരുണിന്റെ ആശങ്ക അസ്ഥാനത്തല്ല. ബഹിരാകാശം ഇപ്പോൾ തന്നെ മലിനമായി കഴിഞ്ഞിരിക്കുന്നു. ആയിരക്കണക്കിന് ബഹിരാകാശ പേടകാവശിഷ്ടങ്ങളാണത്രെ ബഹിരാകാശത്ത് അലഞ്ഞു നടക്കുന്നത്. അവയിലെ റേഡിയോ ആക്ടീവ് പദാർത്ഥങ്ങളും ലോഹാവശിഷ്ടങ്ങളും ഇപ്പോൾ തന്നെ ആശങ്ക ജനിപ്പിക്കുന്ന അളവിലായിട്ടുണ്ടത്രെ!
പുതിയ വര്‍ത്തമാനങ്ങള്‍ക്കു നന്ദി...
മറുപടിഇല്ലാതാക്കൂ