അനന്തവിദൂരതയിലൊരു കുഞ്ഞുഗ്രഹം
കടപ്പാട്: നാസ |
സൗരയൂഥേതര ഗ്രഹങ്ങളെ കുറിച്ചുള്ള അന്വേഷണം തുടങ്ങിയിട്ട് കാലമേറെയായി. ആയിരത്തിലേറെ ഗ്രഹങ്ങളെ സൗരയൂഥത്തിനു പുറത്തു കണ്ടെത്തുകയും ചെയ്തു. ഇവയിൽ ഭൂരിഭാഗവും ഭീമൻ വാതകഗ്രഹങ്ങളായിരുന്നു. കൊച്ചുഗ്രഹങ്ങളെ കണ്ടെത്തുക എന്നത് വളരെ പ്രയാസമേറിയ ജോലിയാണ്. അതുകൊണ്ടുതന്നെ കണ്ടെത്തിയ കുഞ്ഞുഗ്രഹങ്ങളുടെ എണ്ണം വളരെ കുറവാണുതാനും. എന്നാൽ ശാസ്ത്രജ്ഞരുടെ അഭിപ്രായം കൊച്ചുഗ്രഹങ്ങളായിരിക്കും എണ്ണത്തിൽ കൂടുതൽ എന്നാണ്. പ്രകാശവർഷങ്ങൾക്കപ്പുറത്തു നിൽക്കുന്ന അവയെ കണ്ടെത്തുക എളുപ്പമല്ല എന്നുമാത്രം.
എന്നാൽ ഇതിനിടയിലും ഒരു കൊച്ചുഗ്രഹത്തിന്റെ സാന്നിദ്ധ്യം ശാസ്ത്രജ്ഞർ തിരിച്ചറിഞ്ഞിരിക്കുന്നു. അതും ഭൂമിയേക്കാൾ വളരെ ചെറുത്. ഭൂസമാനഗ്രഹങ്ങളെ കണ്ടെത്തിയാൽ തന്നെ ആഹ്ലാദഭരിതരാകാറുള്ളവരുടെ കൈയ്യിലേക്ക് അതിനെക്കാൾ ചെറിയതൊന്നു കിട്ടിയാലുണ്ടാവുന്ന അവസ്ഥ എന്തായിരിക്കും? UCF-1.01 എന്നു പേരിട്ടിരിക്കുന്ന ഈ ഗ്രഹം സ്ഥിതിചെയ്യുന്നത് ഭൂമിയിൽ നിന്ന് 33 പ്രകാശവർഷങ്ങൾക്കപ്പുറത്താണ്. ഫ്ലോറിഡ സർവ്വകലാശാലയിലെ ശാസ്ത്രജ്ഞനായ കെവിൻ സ്റ്റീവൻസൻ പറഞ്ഞത് ഇപ്രകാരമാണ്: “വളരെ ചെറുതും വളരെ ചൂടേറിയതുമായ ഒരു ഗ്രഹം ഉണ്ടെന്നുള്ളതിന് വളരെ ശക്തമായ തെളിവുകൾ സ്പിറ്റ്സർ ബഹിരാകാശ ദൂരദർശിനിയുടെ സഹായത്താൽ ഞങ്ങൾക്കു ലഭ്യമായിരിക്കുന്നു.”
വളരെ യാദൃശ്ചികമായാണ് സ്റ്റീവൻസനും കൂട്ടരും ഭൂമിയുടെ വലിപ്പത്തിന്റെ മൂന്നിലൊന്നു മാത്രം വരുന്ന ഈ ഗ്രഹത്തെ കണ്ടെത്തുന്നത്. സ്പിറ്റ്സർ ഡാറ്റകൾ ഉപയോഗിച്ചുകൊണ്ട് GJ 436b എന്ന നെപ്ട്യൂൺ സമാന സൗരയൂഥേതരഗ്രഹത്തെ പഠിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഒരു പ്രത്യേകഭാഗത്ത് നിന്നു വരുന്ന ഇൻഫ്രാറെഡ് കിരണങ്ങൾക്ക് വളരെ നേരിയ വ്യതിയാനം വരുന്നതായി അവർ കണ്ടെത്തിയത്. ഇത് കൂടുതൽ പഠനവിധേയമാക്കിയപ്പോഴാണ് പുതിയൊരു അത്ഭുതഗ്രഹത്തിന്റെ സാന്നിദ്ധ്യം തിരിച്ചറിയാനായത്.
ഇതിന്റെ വ്യാസം ഏതാണ്ട് 8400 കി.മീറ്റർ വരും. GJ 436 എന്ന മാതൃനക്ഷത്രത്തെ ഒരു വട്ടം പ്രദക്ഷിണം ചെയ്യാൻ 1.4ഭൂദിനങ്ങൾ മാത്രമേ ആവശ്യമുള്ളൂ. സൂര്യനും ബുധനും തമ്മിലുള്ള അകലത്തേക്കാൾ കുറഞ്ഞ ദൂരത്തിലാണ് GJ 436നും UCF-1.01നും എന്നതിനാൽ ഇതിന്റെ പ്രതലതാപം 600ഡിഗ്രി സെന്റിഗ്രേഡ് വരും. ഉരുകിയ പ്രതലത്തോടുകൂടിയ ഈ ഗ്രഹത്തിന് സ്വന്തമായി ഒരു അന്തരീക്ഷമില്ല.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ