അവിടെയെങ്ങാനുമുണ്ടാവുമോ ഒരു ജീവബിന്ദു?

കടപ്പാട്: നാസ
 കെപ്ലർ ഇപ്പോഴും അലയുകയാണ് ഭൂമിക്ക് ഒരു കൂട്ടുകാരിയെ കണ്ടെത്താനാവുമെന്ന പ്രതീക്ഷയിൽ! പ്രകാശദൂരങ്ങളിലെവിടെയെങ്കിലും അത്തരമൊരു ഗ്രഹത്തെ കണ്ടെത്തുന്നതിനു വേണ്ടിയാണ് 2009ൽ കെപ്ലർ ബഹിരാകാശ ദൗത്യത്തിനു തുടക്കം കുറിച്ചത്. ഭൂമിയെ പോലെ ഉറച്ച പ്രതലമുള്ള ഒഴുകുന്ന ജലവും പ്രാണവായുവുമുള്ള ജീവനു നിലനിൽക്കാൻ ഉറച്ച പിൻബലം നൽകുന്ന അന്തരീക്ഷവും കാലാവസ്ഥയുമുള്ള ഒരു ഗ്രഹത്തെയാണ് കെപ്ലർ ബഹിരാകാശപേടകം പ്രതീക്ഷിക്കുന്നത്. ഒരു പക്ഷെ കണ്ടെത്താനായില്ലെങ്കിലും അതിനടുത്തേക്കുള്ള ദൂരം കുറെയെങ്കിലും പിന്നിടാനായാൽ അതുതന്നെ ജന്മസാഫല്യം! പിറകെ വരുന്ന ജയിംസ് വെബ് ദൂരദർശിനി പോലുള്ള കേമന്മാർക്ക് അവിടന്നങ്ങോട്ടുള്ള ദൂരം താണ്ടിയാൽ മതിയല്ലോ. ഇതാ ഇപ്പോൾ ഒരു ചുവടുകൂടി കെപ്ലർ മുന്നോട്ടു വെച്ചിരിക്കുന്നു.
     ഭൂമിയിൽ ഏകദേശം 500 പ്രകാശവർഷങ്ങൾക്ക് അകലെ ജായര നക്ഷത്രരാശിയിലെ കെപ്ലർ 186 എന്ന ഗ്രഹവ്യവസ്ഥയിലാണ് കെപ്ലർ ബഹിരാകാശ പേടകം വലിപ്പം കൊണ്ട് ഭൂമിയെ പോലെയുള്ളതും ജീവസാധ്യമേഖലയിൽ സ്ഥിതിചെയ്യുന്നതുമായ ഒരു ഗ്രഹത്തെ കണ്ടെത്തിയിട്ടുള്ളത്. ഈ ഗ്രഹവ്യവസ്ഥയിൽ കെപ്ലർ-186b, കെപ്ലർ-186c, കെപ്ലർ-186d, കെപ്ലർ-186e, കെപ്ലർ-186f എന്നിങ്ങനെ അഞ്ചു ഗ്രഹങ്ങളാണ് കണ്ടെത്തിയിട്ടുള്ളത്. ഇതിൽ ഏറ്റവും പുറമെ കിടക്കുന്ന കെപ്ലർ-186f എന്ന ഗ്രഹമാണ് ഭൂസമാന സ്വഭാവം കാണിക്കുന്നത്.
     ഇതിനു മുമ്പും ഭൂമിയുടെ വലിപ്പമുള്ള ഗ്രഹങ്ങളെയും ജീവസാധ്യമേഖലയിലുള്ള ഗ്രഹങ്ങളെയും കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ജീവസാധ്യമേഖലയിലുള്ള ഭൂസമാനഗ്രഹങ്ങളെ കണ്ടെത്തുന്നത് ആദ്യമായാണെന്ന് ശാസ്ത്രജ്ഞർ പറയുന്നു. എന്നാൽ ഇതിൽ ജീവൻ ഉണ്ട് എന്നതിനോ ജീവൻ സാധ്യമാണ് എന്നതിനോ ഉള്ള തെളിവുകളൊന്നും ലഭിച്ചിട്ടില്ല. വലിപ്പം കൊണ്ട് ഭൂമിയോളമെന്നും അതിന്റെ മാതൃനക്ഷത്രത്തിൽ നിന്നും ദ്രവജലം ഉണ്ടാവാൻ സാധ്യതയുള്ള അകലത്തിലാണ് സ്ഥിതിചെയ്യുന്നത് എന്നും മാത്രമാണ് ഇതിനർത്ഥം. ഇതിന്റെ രാസഘടന എന്താണെന്നോ അന്തരീക്ഷം എങ്ങനെയുള്ളതാണെന്നോ തുടങ്ങിയ വിവരങ്ങൾ ഇപ്പോഴും ലഭ്യമല്ല.
    ഒരു ചുവന്ന കുള്ളൻ നക്ഷത്രത്തെയാണ് കെപ്ലർ-186f എന്ന ഗ്രഹം ഭ്രമണം ചെയ്തുകൊണ്ടിരിക്കുന്നത്. 130 ഭൗമദിനങ്ങൾ വേണം ഇതിനെ മാതൃനക്ഷത്രത്തെ ഒന്നു ചുറ്റിവരാൻ. ഭൂമിക്ക് സൂര്യൻ നൽകുന്നതിന്റെ മൂന്നിലൊന്ന് ഊർജ്ജം മാത്രമാണ് ഇതിന്റെ നക്ഷത്രം ഈ ഗ്രഹത്തിനു നൽകുന്നത്. കെപ്ലർ-186fന്റെ നട്ടുച്ച നേരത്ത് അതിന്റെ നക്ഷത്രത്തിന്റെ തിളക്കം നമ്മുടെ അസ്തമയ സൂര്യന്റെ പ്രഭയോളം മാത്രമേ ഉണ്ടാവുകയുള്ളുവത്രെ!
     ഇതുവരെ കണ്ടെത്തിയ ഗ്രഹങ്ങളെ കുറിച്ചൊന്നും വളരെ വിവരങ്ങളൊന്നും നമുക്കറിഞ്ഞുകൂടാ. അവയുടെ ഏകദേശ വലിപ്പവും മാതൃനക്ഷത്രത്തിൽ നിന്നുള്ള ഏകദേശദൂരവുമൊക്കെയാണ് നമുക്ക് പ്രധാനമായും അറിയാൻ കഴിഞ്ഞിട്ടുള്ളത്. ഇനി ഭൂമിയെ പോലെതന്നെയുള്ള ഒരു ഗ്രഹത്തെ കണ്ടെത്തുന്നതിനു വേണ്ടിയായിരിക്കും കൂടുതൽ അന്വേഷണങ്ങൾ നടക്കുക. നമ്മുടെ സൂര്യനെ പോലെയുള്ള നക്ഷത്രങ്ങളെയും ഭൂമിയോളം അകലത്തിൽ അതിനെ ഭ്രമണം ചെയ്യുന്ന ഭൂമിയെ പോലെയുള്ള ഗ്രഹങ്ങളെയും കണ്ടെത്തുന്നതിനായിരിക്കും ഇനി പ്രാമുഖ്യം കിട്ടുക. എന്നിട്ടതിന്റെ രാസഘടനയും ഭൗതിക സവിശേഷതകളും പഠിക്കും. കാത്തിരിക്കാം ആ കാലത്തിനു വേണ്ടി. അതിൽ നിന്നു കിട്ടുന്ന പുതിയ അറിവുകൾക്കു വേണ്ടി. പുതിയ ജിജ്ഞാസകൾക്കു വേണ്ടി....
 കടപ്പാട്: നാസ സയൻസ് ന്യൂസ്

അഭിപ്രായങ്ങള്‍

  1. അനന്തമജ്ഞാതമവർണ്ണനീയം... ജീവന്റെ തുടിപ്പുകൾ ഉള്ള മറ്റൊരു ഗ്രഹം... അങ്ങനെയൊന്ന് അങ്ങകലെ എവിടെയോ ഉണ്ടാകും എന്ന പ്രതീക്ഷ തന്നെ രോമാഞ്ച ജനകമാണ്...

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതുവരെ

കൂടുതൽ‍ കാണിക്കുക