ഒട്ടകക്കഴുത്തിലെ അൽഹെന

മിഥുനത്തെ രണ്ടു സഹോദരന്മാരുടെ രൂപത്തിലാണ് ചിത്രീകരിച്ചിരിക്കുന്നത് എന്നു പറഞ്ഞുവല്ലോ. ഇതിൽ മുന്നിൽ നടക്കുന്നവനാണ് പോളക്സ്. ഇയാളുടെ തലയെയാണ് നമ്മുടെ പോളക്സ് നക്ഷത്രം. ഇനി നമുക്ക് പോളക്സിലെ മറ്റു നക്ഷത്രങ്ങളെ കൂടി പരിചയപ്പെടാം. പോളക്സിന്റെ കാലിലെ ഒരു നക്ഷത്രമാണ് അൽഹെന. അൽ ഹനാ എന്ന അറബി വാക്കിൽ നിന്നാണ് ഈ പേരുണ്ടായത്. ഒട്ടകത്തിന്റെ കഴുത്തിലുള്ള അടയാളം എന്നാണ് പേർസ്യൻ ജ്യോതിശാസ്ത്രജ്ഞനായ അൽ ബിറൂനി ഈ വാക്കിനെ നിർവചിച്ചത്. തിളക്കമുള്ളത് എന്ന അ‍ത്ഥത്തിൽ അൽമെയ്സൻ എന്ന പേരും ഉപയോഗിച്ചിരുന്നു. 17-ാം നൂറ്റാണ്ടിലെ ഇറ്റാലിയൻ ജ്യോതിശാസ്ത്രജ്ഞനായ റിക്കിയോളി നിർദ്ദേശിച്ചത് എൽ ഹെനാത്ത് എന്ന പേരാണ്. എന്നാൽ 2016ൽ അന്താരാഷ്ട്ര ജ്യോതിശാസ്ത്ര സംഘടന അൽഹെന എന്ന പേരിനാണ് അംഗീകാരം നൽകിയത്. ബെയർ നാമകരണ പദ്ധതിയനുസരിച്ചുള്ള പേര് ഗാമ ജെമിനോറം എന്നാണ്.

ഭൂമിയിൽ നിന്നും ഏകദേശം 109 പ്രകാശവർഷം അകലെയാണ് അൽഹെന സ്ഥിതിചെയ്യുന്നത്. സൂര്യന്റെ 3.3 മടങ്ങ് വലിപ്പമുള്ള ഇതിന്റെ പിണ്ഡം സൂര്യന്റെ പിണ്ഡത്തിന്റെ 2.8 മടങ്ങാണ്. സൂര്യന്റെ 123 മടങ്ങ് തിളക്കവും ഇതിനുണ്ട്. നമ്മുടെ സൂര്യന്റെ സ്ഥാനത്ത് അൽഹെനയാണെങ്കിൽ എന്നൊന്ന് അലോചിച്ചു നോക്കൂ. 1.93 ആണ് ഇതിന്റെ കാന്തിമാനം. ഭൂമിയിൽ നിന്നും നോക്കുമ്പോൾ നക്ഷത്രങ്ങളെ വ്യത്യസ്ത തിളക്കത്തിലാണല്ലോ കാണുന്നത്. ഈ തിളക്കത്തിനെ താരതമ്യം ചെയ്യുന്ന യൂണിറ്റാണ് കാന്തിമാനം എന്നു പറയാം. ഇതിനെ കുറിച്ച് മറ്റൊരു പോസ്റ്റിൽ വിശദമായി പറയാം. ഇതും യഥാർത്ഥത്തിൽ ഒറ്റ നക്ഷത്രമല്ല. രണ്ടു നക്ഷത്രങ്ങൾ ചേർന്നതാണ്. അതിദീർഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലൂടെ ഒരു പൊതുകേന്ദ്രത്തിനു ചുറ്റും ഭ്രമണം ചെയ്യുന്ന ഇവ ഒരു വൃത്തം പൂർത്തിയാക്കാൻ പന്ത്രണ്ടര വർഷത്തിൽ കൂടുത്ൽ എടുക്കുന്നുണ്ട്.

അൽഹെന സബ്ജയന്റ് സ്റ്റാർ എന്ന ഗണത്തിൽ പെടുന്ന ഒരു നക്ഷത്രമാണ്. ഇതിന്റെ പ്രത്യേകത അതേ സ്പെക്ട്രൽ തരത്തിൽ വരുന്ന ഒരു മുഖ്യധാരാ നക്ഷത്രത്തിനേക്കാൾ തിളക്കമുണ്ടായിരിക്കുകയും എന്നാൽ ഭീമൻ നക്ഷത്രത്തോളം തിളക്കമുണ്ടായിരിക്കുകയുമില്ല എന്നതാണ്. ആകാശത്തു കാണുന്ന നക്ഷത്രങ്ങളിൽ തിളക്കം കൊണ്ട് 43-ാം സ്ഥാനവും മിഥുനത്തിലെ നക്ഷത്രങ്ങളിൽ 3-ാം സ്ഥാനവുമാണ് ഈ നീല നക്ഷത്രത്തിനുള്ളത്.

അഭിപ്രായങ്ങള്‍

ഇതുവരെ

കൂടുതൽ‍ കാണിക്കുക