വെയ്സെറ്റ് - അകാലവാർദ്ധക്യം ബാധിച്ച നക്ഷത്രം

ഇരട്ടകളിൽ പോളക്സിന്റെ അരഭാഗത്തുള്ള നക്ഷത്രമാണ് വെയ്സെറ്റ്. മദ്ധ്യം എന്നർത്ഥം വരുന്ന അറബി വാക്കിൽ നിന്നാണത്രെ ഈ പേര് ഉണ്ടായത്. ബെയർ ഇതിന് ഡെൽറ്റ ജമിനോറം എന്ന പേരാണ് നൽകിയത്. 1930 ക്ലൈഡ് ടോംബോഗ് പ്ലൂട്ടോയെ കണ്ടെത്തുമ്പോൾ അത് വെയ്സെറ്റിന്റെ സമീപത്തായിരുന്നു. കാത്തിരിക്കുകയാണെങ്കിൽ 158 വർഷം കൂടി കഴിഞ്ഞാൽ പ്ലൂട്ടോയെ അതേ സ്ഥാനത്തു വീണ്ടും കാണാം. കാന്തിമാനം +3.53 ആണ് എന്നതിനാൽ നഗ്നനേത്രങ്ങൾ കൊണ്ടു തന്നെ അത്യാവശ്യം നന്നായി നമുക്ക് കാണാൻ കഴിയും.

നമ്മളിൽ നിന്നും 60.5 പ്രകാശവർഷം അകലെയാണ് വെയ്സെറ്റ് സ്ഥിതി ചെയ്യുന്നത്. 160 കോടി വർഷം പ്രായമുള്ള ഈ നക്ഷത്രത്തിന്റെ പിണ്ഡം സൂര്യന്റെ പിണ്ഡത്തിന്റെ 1.57 മടങ്ങ് മാത്രമാണ്. നക്ഷത്രങ്ങളുടെ പ്രായക്കണക്കിൽ 160 കോടി എന്നൊക്കെ പറയുന്നത് ചെറിയൊരു സംഖ്യയാണെന്ന് അറിയാമല്ലോ. പക്ഷെ ഇത് ഇപ്പോൾ തന്നെ ഒരു സബ്ജയന്റ് ഘട്ടത്തിൽ എത്തിയിരിക്കുന്നു. നക്ഷത്രങ്ങളുടെ അന്ത്യഘട്ടമായ ഭീമൻ നക്ഷത്രങ്ങളാവുന്നതിനു മുമ്പുള്ള ഘട്ടമാണ് ഇത്. ഏകദേശം 460 കോടി വർഷം പ്രായമുള്ള സൂര്യൻ അതിന്റെ ആയുസ്സിന്റെ പകുതിയിലെത്തിയിട്ടേ ഉള്ളു ഇപ്പോഴും. സൂര്യനുമായി താരതമ്യം ചെയ്യുമ്പോൾ പാവം വെയ്സെറ്റിന് അൽപായുസ്സേ ഉള്ളു എന്നു പറയാം. ഇതിന്റെ ഉപരിതല താപനില സൂര്യനെക്കാൾ അല്പം കൂടുതലാണ്. 6700 കെൽവിനാണ് അത്. എന്നാൽ സൂര്യന്റെ പത്തു മടങ്ങ് തിളക്കമുണ്ട് ഈ നക്ഷത്രത്തിന്.

ആകാശത്തു നമ്മൾ ഒറ്റയൊറ്റയായി കാണുന്ന നക്ഷത്രങ്ങളിൽ പലതും ഒന്നിൽ കൂടുതൽ നക്ഷത്രങ്ങൾ ചേർന്നു നിൽക്കുന്നതാണ്. ദൂരം കാരണം നമുക്ക് ഇവയെ വേർതിരിച്ചു കാണാൻ കഴിയാത്തതാണ്. ഇവയിൽ തന്നെ പലതും പരസ്പരം ഭ്രമണം ചെയ്യുന്നവയാണ്. ഇങ്ങനെ പരസ്പരം ഭ്രമണം രണ്ടു നക്ഷത്രങ്ങൾ ചേർന്നവയെയാണ് ദ്വന്ദ്വനക്ഷത്രങ്ങൾ എന്നു പറയുന്നത്. പ്രപഞ്ചത്തിൽ കൂടുതലും ഉള്ളത് ഈ വിഭാഗത്തിൽ പെട്ടവയാണത്രെ. വെയ്സെറ്റും യഥാർത്ഥത്തിൽ ഒറ്റ നക്ഷത്രമല്ല. മൂന്നെണ്ണം കൂടിയതാണ്. ഇവയിൽ രണ്ടെണ്ണം ദ്വന്ദ്വനക്ഷത്രങ്ങളാണ്. ഇവക്ക് ഒരു പ്രാവശ്യം പരസ്പരം ഒന്നു കറങ്ങി വരാൻ 1200 വർഷങ്ങൾ വേണം.

എന്നാൽ ശരി. ഇനി ആകാശത്തു നോക്കുമ്പോൾ അല്പായുസ്സായ ഈ പാവത്തെ കാണുകയാണെങ്കിൽ എന്തെങ്കിലും നല്ല രണ്ടു വാക്കുകളോതി സമാധാനിപ്പിക്കണേ....

അഭിപ്രായങ്ങള്‍

ഇതുവരെ

കൂടുതൽ‍ കാണിക്കുക