മാനത്തെ മാസങ്ങൾ

 

മലയാളമാസങ്ങള്‍ ഏതൊക്കെയാണെന്ന് അറിയാമോ?

ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിവ തന്നെ. ഈ ചോദ്യം എത്ര എളുപ്പമായിരുന്നെന്നോ?


എന്നാല്‍ പോകാന്‍ വരട്ടെ. ഒരു ചോദ്യം കൂടി ചോദിക്കട്ടെ. എങ്ങനെയാണ് ഈ മാസങ്ങള്‍ക്ക് ഈ പേരുകള്‍ കിട്ടിയത് എന്നറിയാമോ?

എന്താ നിന്നു പരുങ്ങുന്നത്?
അറിയില്ലേ?
എന്നാല്‍ പറഞ്ഞുതരാം കേട്ടോളൂ.

നമ്മടെ ആകാശത്ത് ഒരുപാട് നക്ഷത്രങ്ങളുണ്ട്. കണ്ടിട്ടുണ്ട് അല്ലേ? അവയെ കൂട്ടങ്ങളായി തിരിച്ച് ഓരോ കൂട്ടത്തിനും ഓരോ പേരുകളിട്ടിട്ടുണ്ട്. അതറിയാമോ?

വേട്ടക്കാരനെ അറിയാമെന്നോ. അതുപോലെ മറ്റു നക്ഷത്രങ്ങളെയും കൂട്ടമായി തിരിച്ച് പേരുകള്‍ നല്‍കിയിട്ടണ്ട്. കൂട്ടത്തിലെ പ്രധാന നക്ഷത്ര കൂട്ടിവരച്ചാല്‍ കിട്ടുന്ന രൂപത്തിന്റെ പേരാണ് ആ കൂട്ടത്തിനു നല്‍കുക.

മേഷമാണ് മേടമായത്. മേഷം എന്നാല്‍ ആട്. ഇടവം എന്നാല്‍ ഋഷഭം ആണ്. അതെ കാള തന്നെ. വൃശ്ചികം എന്നാല്‍ എന്താണെന്നോ? ഞാന്‍ ആ കൂട്ടത്തിന്റെ ചിത്രം വരച്ചു കാണിച്ചു തരാം. ഇതാ നോക്ക്

അതെ വൃശ്ചികം തേളു തന്നെ.

ഇതൊക്കെ എങ്ങനെയാണു മാസത്തിന്റെ പേരായത് എന്നോ? അതല്ലേ പറയാന്‍ പോകുന്നത്. ശ്രദ്ധിച്ചു കേള്‍ക്ക്.

 

സൂര്യനെയും ചന്ദ്രനെയും പോലെ നക്ഷത്രങ്ങളും ഉദിക്കുകയും അസ്തമിക്കുകയും ചെയ്യുമെന്ന കാര്യം നിനക്കറിയാമോ? അറിയാമെങ്കില്‍ നല്ലത്. ഒരു ദിവസം സൂര്യനോടൊപ്പം ഉദിച്ച നക്ഷത്രം അടുത്ത ദിവസം സൂര്യനേക്കാള്‍ അല്പം നേരത്തെ ഉദിക്കും എന്ന കാര്യം അറിയാമോ? ഇല്ലേ? എന്നാല്‍ അതങ്ങനെയാണ്. നാലു മിനിറ്റ് നേരത്തെ ഉദിക്കും. അടുത്ത ദിവസം ആ നക്ഷത്രം കുറച്ചുകൂടി എന്നു വെച്ചാല്‍ 8 മിനിറ്റ് നേരത്തെ ഉദിക്കും. അങ്ങനെ ഓരോ ദിവസവും കൂടുതല്‍ കൂടുതല്‍ നേരത്തെ ഉദിക്കും. അതായത് ഓരോ ദിവസവും സൂര്യന്‍ ആ നക്ഷത്രത്തില്‍ നിന്നും അകന്നകന്നു പോകുമെന്നര്‍ത്ഥം. ഇങ്ങനെ സൂര്യന്‍ മറ്റു നക്ഷത്രങ്ങള്‍ക്കിടയിലൂടെ സഞ്ചരിച്ച് ഒരു വര്‍ഷം കൊണ്ട് ആദ്യത്തെ നക്ഷത്രത്തിന്റെ ഒപ്പമെത്തും.

എന്താണ്? എന്താണ് ഭൂമിയാണ് സഞ്ചരിക്കുന്നത് എന്നോ? ശരി സമ്മതിച്ചു. എന്നാലും അത് പൂർണ്ണമായും ശരിയല്ല. ഭൂമിയും സൂര്യനും ഒരു പൊതുകേന്ദ്രത്തെ ചുറ്റുന്നു എന്നതാണ് കൂടുതൽ ശരി. അപ്പോൾ ഭൂമിയിൽ നിന്നു നോക്കുമ്പോൾ സൂര്യന്റെ പശ്ചാത്തലത്തിലുള്ള നക്ഷത്രങ്ങൾ മാറുന്നതായി നമുക്കു കാണാം.

ധൃതി വെക്കാതെ. മാസത്തിനു പേരുണ്ടായ കഥ തന്നെയാണ് പറഞ്ഞു വരുന്നത്. ഇങ്ങനെ സൂര്യൻ സഞ്ചരിക്കുന്നതായി തോന്നുന്ന ആകാശഭാഗത്തെ പന്ത്രണ്ടായി തിരിച്ചു. ഇവയാണ് 12 രാശികൾ. ഈ രാശികളിലോരോന്നിലും നമ്മൾ നേരത്തെ പറഞ്ഞ ചിത്രങ്ങളുണ്ട്. ഈ ചിത്രങ്ങളുടെ പേരിലാണ് അവയുൾക്കൊള്ളുന്ന രാശികൾ അറിയപ്പെടുന്നത്.

സൂര്യൻ നക്ഷത്രങ്ങൾക്കിടയിലൂടെ സഞ്ചരിക്കുന്നതായി തോന്നുന്നു എന്നു പറഞ്ഞല്ലോ. ഈ സഞ്ചാരത്തിൽ സൂര്യൻ ഒരു രാശിയിൽ നിന്ന് മറ്റൊരു രാശിയിലേക്ക് കടക്കാനെടുക്കുന്ന സമയമാണ് ഒരു മാസം. ഈ കാലയളിവിന്, സൂര്യൻ ഏതു രാശിയിലൂടെയാണോ സഞ്ചരിക്കുന്നത് ആ രാശിയുടെ പേരു നൽകുന്നു. ഉദാഹരണത്തിന് സൂര്യൻ ഇടവം രാശിയിലാണ് ഇപ്പോൾ സഞ്ചരിക്കുന്നത് എങ്കിൽ ഇത് ഇടവമാസമാണ് എന്നു പറയും. ഒരു രാശിയിൽ നിന്നും മറ്റൊരു രാശിയിലേക്കു കടക്കുന്നതിനെ സംക്രമം എന്നു പറയും. കർക്കിടക സംക്രമം എന്നാൽ സൂര്യൻ മിഥുനം രാശിയിൽ നിന്നും കർക്കിടകം രാശിയിലേക്കു കടക്കുന്നു എന്നാണർത്ഥം. ഈ സംക്രമം തന്നെയാണ് നമ്മുടെ സംക്രാന്തി.


അഭിപ്രായങ്ങള്‍