മെബ്സൂട്ടെ - സിംഹത്തിന്റെ നീട്ടിവെച്ച കാൽ

പോളക്സിന്റെ അരയിലെ നക്ഷത്രത്തെ പരിചയപ്പെട്ടല്ലോ. ഇനി കാസ്റ്ററിന്റെ അരയിലെ നക്ഷത്രത്തെ പരിചയപ്പെടാം. എപ്സിലോൺ ജമിനോറം എന്നാണ് ബെയർ ഇതിനു നൽകിയ പേര്. അന്താരാഷ്ട്ര ജ്യോതിശാസ്ത്ര സംഘടന 2016ൽ മെബ്സൂട്ടെ എന്ന പേരും അംഗീകരിച്ചു. മബ്‌സൂത്വ (مبسوطة) എന്ന അറബി വാക്കിൽ നിന്നാണ് ഈ പേര് സ്വീകരിച്ചിട്ടുള്ളത്. സിംഹത്തിന്റെ നീട്ടിവെച്ച കാൽ എന്ന അർത്ഥം വരുന്ന പ്രാചീന അറബി ഭാഷയിലുള്ള ഒരു പ്രയോഗത്തിൽ നിന്നാണ് ഈ പേര് ഉണ്ടായത് എന്നും പറയപ്പെടുന്നുണ്ട്. പക്ഷെ ഇപ്പോൾ നമുക്കിവിടെ സിംഹത്തെയൊന്നും കാണാനാവില്ല. ഒരു പക്ഷെ അന്നത്തെ ആൾക്കാർ മിഥുനത്തിലേതു കൂടാതെയോ ഒഴിവാക്കിയോ മറ്റു നക്ഷത്രങ്ങളെ കൂട്ടിച്ചേർത്ത് സിംഹത്തിന്റെ രൂപം ഉണ്ടാക്കിയിരുന്നോ എന്നറിയില്ല.

സൂര്യന്റെ‌19 മടങ്ങ് പിണ്ഡമുള്ള ഒരു അതിഭീമൻ നക്ഷത്രമാണ് മെബ്സൂട്ടെ. വലിപ്പമാണെങ്കിൽ ഏകദേശം 175 മടങ്ങും. 2007ലെ പരിഷ്കരിച്ച ഹിപ്പാർക്കസ് ഡാറ്റ അനുസരിച്ച് ഭൂമിയിൽ നിന്നും 844.98 പ്രകാശവർഷം അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്. തെളിഞ്ഞ അകാശത്ത് നല്ല തിളക്കത്തിൽ തന്നെ ഈ നക്ഷത്രത്തെ നമുക്ക് കാണാൻ കഴിയും. 2.98 ആണ് ഇതിന്റെ കാന്തിമാനം. 3950 കെൽവിൻ ആണ് ഇതിന്റെ ഉപരിതല താപനില. ഇതും ഒരു ഒരു ഇരട്ട നകഷത്രമാണ്. പ്രധാന നക്ഷത്രത്തിന്റെ കാന്തിമാനം 2.98ഉം രണ്ടാമത്തേതിന്റേത് 8.98ഉം ആണ്. 

ഇനി മിഥുനത്തെ നോക്കുമ്പോൾ അവിടെയെങ്ങാനുമൊരു സിംഹമുണ്ടോ എന്നു കൂടി നോക്കണേ...

അഭിപ്രായങ്ങള്‍