വ്യാഴത്തിന്റെ ചൂടൻ ചങ്ങാതി




credit: NASA
     വ്യാഴത്തിന്റെ ഉപഗ്രഹങ്ങളിൽ ശാസ്ത്രജ്നരുടെ പ്രത്യേക ശ്രദ്ധ പിടിച്ചു പറ്റിയ ഉപഗ്രഹമാണ് എൻസിലാഡസ്. മഞ്ഞു മൂടിക്കിടക്കുന്ന പ്രതലത്തിനു തൊട്ടുതാഴെ ദ്രാവകാവസ്ഥയിലുള്ള ജലമുണ്ടെന്ന കണ്ടെത്തലാണ് എൻസിലാഡസിനെ ശ്രദ്ധേയമാക്കിയത്. ജീവന്റെ സാന്നിദ്ധ്യത്തിന് അത്യാവശ്യമായ ഒരു ഘടകമാണല്ലോ ജലം. പല ഉപഗ്രഹ ചിത്രങ്ങളിലും ജലം പുറത്തേക്ക് ചീ‍റ്റിത്തെറിക്കുന്നതിന്റെ ദൃശ്യം ലഭ്യമായിട്ടുണ്ട്. 


     ഇപ്പോൾ എൻസിലാഡസ് വീണ്ടും ശാസ്ത്രലോകത്ത് ചർച്ചയായിരിക്കുകയാണ്. ഇതിന്റെ ഉയർന്ന അളവിലുള്ള ചൂടാണ് ഇപ്പോൾ ചർച്ചയിലിടം പിടിച്ചിരിക്കുന്നത്. മുൻപ് കണക്കാക്കിയിരുന്നതിനേക്കാൾ വളരെ ഉയർന്ന തോതിലുള്ള താപമാണത്രെ ഈ ഗ്രഹം ഉൽ‌പാദിപ്പിക്കുന്നത്. ഏതാണ്ട് 15.8 ഗീഗാ വാട്ട്! 20 തെർമ്മൽ പവർ സ്റ്റേഷനുകൾ ഉല്പാദിപ്പിക്കുന്നതിനു തുല്യമായ ഊർജ്ജം!!  ജേർണൽ ഓഫ് ജിയോഫിസിക്കൽ റിസേർചിന്റെ മാർച് 4 ലക്കത്തിലാണ് ഈ പഠനഫലം പുറത്തു വന്നിട്ടുള്ളത്. അമേരിക്കയിലെ സൌത്ത് വെസ്റ്റ് ഇൻസ്റ്റിട്യൂട്ടിലെ കാർലി ഹോവെറ്റും സംഘവുമാണ് ഈ പഠനം നടത്തിയത്.


     2005ൽ തന്നെ എൻസിലാഡസിന്റെ താപനിലയെ കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചിരുന്നു. ഭൂമിശാസ്ത്രപരമായി സജ്ജീവമായിരുന്ന ദക്ഷിണധ്രുവപ്രദേശത്ത് സമാന്തരമായ നാലു ട്രഞ്ചുകൾ അന്നു തന്നെ കണ്ടെത്തിയിരുന്നു. 130 കി.മീറ്റർ നീളവും 2 കി.മീറ്റർ വിസ്താരവുമുള്ള ഇവയെ ‘ടൈഗർ സ്ട്രിപുകൾ‘ എന്നണ് പറയുന്നത്. ഈ പിളർപ്പുകളിൽ നിന്ന് മഞ്ഞും നീരാവിയും പുറത്തേക്കു തെറിക്കുന്നുണ്ട്. വ്യാഴത്തെ കുറിച്ചു പഠിക്കാൻ വിക്ഷേപിച്ച കാസിനി എന്ന ബഹിരാകാശ പേടകമാണ് എൻസിലാഡസിനെ കുറിച്ചുള്ള വിവരങ്ങൾ നൽകിയത്. 


     2007ലെ ഒരു പഠനത്തിൽ തന്നെ എൻസിലാഡസിന്റെ ആന്തരിക താപത്തെ കുറിച്ച് പ്രവചനം നടത്തിയിരുന്നു. ശനിയുടെ തന്നെ മറ്റൊരു ഉപഗ്രഹമായ ഡിയോണും എൻസിലാഡസും തമ്മിലുള്ള ആകർഷണത്തിന്റെ ഫലമായുണ്ടാകുന്ന വേലിയേറ്റ വേലിയിറക്കങ്ങളായിരിക്കാം  എൻസിലാഡസിന്റെ ആന്തരിക താപോല്പാദനത്തിനു കാരണം എന്നയിരുന്നു അന്നത്തെ വിശദീകരണം. ഇങ്ങനെയുണ്ടാകുന്ന 1.1ഗീഗാവാട്ടും റേഡിയോ ആക്റ്റിവിറ്റിയിലൂടെ ഉണ്ടാകുന്ന 0.3ഗീഗാവാട്ടും ചേർന്ന് 1.4ഗീഗാവാട്ട് താപമായിരുന്നു അന്ന് കണക്കാക്കിയിരുന്നത്. പക്ഷെ പുതിയ പഠനഫലങ്ങൾ ഈ കണക്കുകളെയെല്ലാം അപ്രസക്തമാക്കുന്നു. 2008ലെ 
നിരീക്ഷണങ്ങളാണ് ഈ പഠനത്തിനായി ഹോവെറ്റും കൂട്ടരും ഉപയോഗപ്പെടുത്തിയത്. ഈ പ്രതിഭാസത്തിനുള്ള തൃപ്തികരമായ വിശദീകരണം കണ്ടെത്തുന്നതിനുള്ള തിരക്കിലായിരിക്കും 
credit: NASA
ഇനിയുള്ള നാളുകളിൽ എൻസിലാഡസ് പഠിതാക്കൾ.

    ഈ അടുത്ത കാലത്തു നടത്തിയ ചില നിരീക്ഷണങ്ങളിൽ ടൈഗർ സ്ട്രിപുകളിലൂടെ പുറത്തേക്കു തെറിക്കുന്ന തുഷാരകണങ്ങളിൽ ഉപ്പിന്റെ അംശം ധാരാളമായി കണ്ടെത്തിയിട്ടുണ്ട്. ഇത് പുതിയ ചില അന്വേഷണങ്ങൾക്കു വഴി തുറന്നിരിക്കുകയാണ്. ദക്ഷിണസമുദ്രത്തിലെ ഉപ്പിന്റെ ഈ ധാരാളിത്തത്തിനു കാരണം ഉപഗ്രഹത്തിന്റെ കോറിലടങ്ങിയിരിക്കുന്ന ഉയർന്ന തോതിലുള്ള ലവണസാന്നിദ്ധ്യവുമാകാം. കാർബ്ബണിന്റെ സാന്നിദ്ധ്യം കൂടി കണ്ടെത്തുകയാണെങ്കിൽ മൈക്രോബ് തലത്തിലുള്ള ജീവന്റെ അന്വേഷണത്തിനും തുടക്കമാകും. ഒരു വലിയ ആസ്ട്രോബയോളജിക്കൽ തല്പര്യം എന്നാണ് ഹോവെറ്റ് ഇതിനെ വിശേഷിപ്പിച്ചത്.

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതുവരെ

കൂടുതൽ‍ കാണിക്കുക