പരാജിതതാരകമേ നിന്നിലുണ്ടോ ജീവന്റെ തുണ്ടുകൾ?



     ഭൌമേതര ജീവനെ കുറിച്ചുള്ള ആകാംക്ഷകൾ എന്നും ശാസ്ത്രലോകത്തിന്റെ ഉറക്കം കെടുത്തിയിട്ടുണ്ട്. ഇതിനെ കുറിച്ച് പല സിദ്ധാന്തങ്ങളും രൂപം കൊണ്ടിട്ടുമുണ്ട്. ഇപ്പോൾ പുതിയൊരു ആശയവുമായി വന്നിരിക്കുകയാണ് റൊമാനിയയിലെ ബുക്കാറെസ്റ്റ് യൂണിവേഴ്സിറ്റിയിലെ ഗവേഷകനായ വിയോറൽ ബാദെസ്ക്യു. തവിട്ടുകുള്ളന്മാരിലും ഒഴുകുന്ന ഗ്രഹങ്ങളിലും ഭൂമിയിലേതിൽ നിന്നും വ്യത്യസ്തമായ ഇനത്തിലുള്ള ജീവൻ ഉണ്ടാകാമെന്നാണ് അദ്ദേഹത്തിന്റെ വാദം.

     അണുകേന്ദ്രപ്രതിപ്രവർത്തനം നടത്താ‍നാവശ്യമായ ദ്രവ്യത്തെ സമാഹരിക്കാനാവാത്തതു കൊണ്ട് ഒരു നക്ഷത്രമാകാൻ കഴിയാതെ പോയ പ്രപഞ്ചവസ്തുക്കളാണ് തവിട്ടുകുള്ളന്മാർ(brown dwarf). ഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും ഇടയിലാണ് ഇവയുടെ സ്ഥാനം. രൂപം കൊണ്ട കാലത്തു തന്നെ മാതൃനക്ഷത്രത്തിന്റെ ആകർഷണത്തിൽ നിന്ന് രക്ഷപ്പെട്ട് നക്ഷത്രാന്തരീയ മേഖലയിൽ അലഞ്ഞു നടക്കുന്ന ഗ്രഹങ്ങളാണ് ഒഴുകുന്ന ഗ്രഹങ്ങൾ. ഇവയിൽ രാസ‌ഈഥൈനിന്റെ സമുദ്രം തന്നെ കണ്ടേക്കാമെന്നാണ് ബാദെസ്ക്യു പറയുന്നത്. ഭൂമിയിലെ ജലാധിഷ്ഠിത ജീവനിൽ നിന്നു വ്യത്യസ്തമായ ഇനം ജീവകണങ്ങൾ ഈ ഈഥൈൻ സമുദ്രത്തിൽ ഉണ്ടാകുമത്രെ. 2010 ആഗസ്തിലെ പ്ലാനറ്ററി ആന്റ് സ്പേസ് സയൻസ് ജേർണലിലാണ് ഈ നിരീക്ഷണങ്ങൾ പ്രസിദ്ധീകരിച്ചിട്ടുള്ളത്.

    ഇവയിലെ റേഡിയോ ആക്റ്റീവ് മൂലകങ്ങൾ ഉല്പാദിപ്പിക്കുന്ന ഊർജ്ജം ജീവൻ നിലനിൽക്കുന്നതിനാ‍വശ്യമായ അനുകൂലതാപനില സൃഷ്ടിക്കുമത്രെ. പക്ഷെ ജീവൻ നിലനിൽക്കുന്നതിന് താപം മാത്രം പോരാ. രാസപ്രവർത്തനങ്ങളെ സഹായിക്കാൻ ഒരു നല്ല ലായകം കൂടി അത്യാവശ്യമാണ്. ഭൂമിയിൽ ജലമാണ് ഈ ഭാഗം അഭിനയിക്കുന്നത്. ജലം ഒരേയൊരു സാദ്ധ്യതല്ല എന്നാണ് ബാദെസ്ക്യു പറയുന്നത്. തവിട്ടുകുള്ളന്മാരിൽ ചിലതിൽ വൻ‌തോതിലുള്ള ദ്രവ‌ഈഥൈൻ ശേഖരം ഉണ്ടാകുമെന്നും ഭൂമിയിലെ ജീവന്റെ ഘടനയിൽ നിന്ന് വ്യത്യസ്ഥമായ ഘടനയിലുള്ള ഏകകോശജീവികൾ (alien microbes) ഇവയിൽ ഉണ്ടാകാനുള്ള സാദ്ധ്യതയുണ്ടെന്നും അദ്ദേഹം പറയുന്നു.

     ജലതന്മാത്രകളുടെ പോളാർ സ്വഭാവമാണ് (തന്മാത്രയുടെ ഒരറ്റം പോസിറ്റീവ് ചാർജ്ജും മറ്റേ അറ്റം നെഗറ്റീവ് ചാർജ്ജും ആയിരിക്കും) ഭൂയിലെ ജീവന്റെ അടിസ്ഥാന ഘടകങ്ങളിലൊന്നായി ഇതിനെ നിലനിർത്തുന്നത്. ഈ പോളാർ സ്വഭാവമാണ് നല്ലൊരു ലായകമായി ജലത്തെ മാറ്റുന്നത്. ജലത്തിലെത്തുന്ന സങ്കീർണ്ണഘടനയിലുള്ള പദാർത്ഥങ്ങളെ അതിന്റെ പോളാർ സ്വഭാവമുപയോഗിച്ച് കൂടുതൽ ലളിതഘടനയിലുള്ള മൂലകതന്മാത്രകളായി വിഘടിപ്പിക്കുകയാണ് ജലതന്മാത്രകൾ ചെയ്യുന്നത്. പിന്നീട് ജീവകോശങ്ങൾക്ക് ഈ മൂലകങ്ങളെ ഉപയോഗിക്കുകയും ചെയ്യാം. ചാർജ്ജിത കണങ്ങളായി മാറ്റാൻ കഴിയാത്തവ ജലത്തിൽ ലയിക്കുകയുമില്ല. ദ്രവ‌ഈഥൈന് പോളാർ സ്വഭാവമില്ലാത്തതിനാൽ ഭൂമിയിലേതു പോലുള്ള ജീവഘടനയാവില്ല അവിടെയുണ്ടാവുക എന്നാണ് ബാദെസ്ക്യുവിന്റെ അഭിപ്രായം. മാത്രമല്ല ഡി.എൻ.എകളിൽ ആഴത്തിലുള്ള മാറ്റങ്ങൾ നടക്കാനിടയുള്ളതു കൊണ്ട് അതിവേഗതയിലുള്ള പരിണാമപ്രവർത്തനങ്ങളും നടക്കാനിടയുണ്ടത്രെ.

     നിലവിലുള്ള സാങ്കേതിക വിദ്യകളുടെ അപര്യാപ്തത തുടർപഠനത്തിനുള്ള പ്രധാനപരിമിതിയായി അദ്ദേഹം കാണുന്നു

അഭിപ്രായങ്ങള്‍

ഇതുവരെ

കൂടുതൽ‍ കാണിക്കുക