ബുധനെ കുറിച്ച് പുതിയ വിവരങ്ങൾ

ബുധനിലെ 97കി.മീറ്റർ വ്യാസമുള്ള ത്യാഗരാജ ഗർത്തം ബുധനെ പരിക്രമണം ചെയ്തുകൊണ്ടിരിക്കുന്ന MESSENGERൽ നിന്ന് കുറെയേറെ പുതിയ വിവരങ്ങൾ ഇപ്പോൾ ലഭ്യമായിരിക്കുന്നു. ബുധോപരിതലത്തിൽ അഗ്നിപർവ്വത സ്ഫോടനവും ലാവാപ്രവാഹവും ഉണ്ടായതിന്റെ തെളിവുകളാണ് ശാസ്ത്രജ്നർ പുറത്തു വിട്ടിരിക്കുന്നത്. ആദ്യമായി ബുധനെ പരിക്രമണം ചെയ്യുന്ന ബഹിരാകാശ പേടകമാണ് MESSENGER (MErcury Surface, Space ENvironment, GEochemistry, and Ranging spacecraft). പുതിയ വിവരങ്ങൾ കാണിക്കുന്നത് ബുധന്റെ ഉത്തരധ്രുവപ്രദേശത്ത് വളരെ വിശാലമായ ലാവാസമതലം രൂപപ്പെട്ടിട്ടുണ്ട് എന്നാണ്. ഗ്രഹത്തിന്റെ ആകെ പ്രതല വിസ്തീർണ്ണത്തിന്റെ 6 ശതമാനം വരും ഇത്. കൂടിയ തോതിലുള്ള ലാവാപ്രവാഹം മൂലമോ ഉരുകിയ പാറകൾ ഘനീഭവിച്ചതു മൂലമോ ആയിരിക്കും ഈ മിനുസമാർന്ന സമതലം രൂപം കൊണ്ടിരിക്കുക. അഗ്നിപർവ്വത സ്ഫോടനം മൂലമുണ്ടായ കുന്നുകളും വിശാലമായ താഴ്വരകളും കണ്ടെത്തിയിട്ടുണ്ട്. ബുധോപരിതലത്തിൽ പരന്നു കിടക്കുന്ന ആഴമില്ലാത്ത ചെറുകുഴികളും ഇപ്പോൾ കണ്ടെത്തിയിട്ടുണ്ട്. "hollows" എന്നാണ് ശാസ്ത്രജ്നർ ഇതിനു നൽകിയിട്ടുള്ള സാങ്കേതിക നാമം. ...