രണ്ട് സൂര്യന്മാർക്ക് ഒരു ഗ്രഹം
ദിവസവും രണ്ട് സൂര്യോദയവും അസ്തമയവും കാണാൻ കഴിയുന്നതിനെ കുറിച്ച് ഒന്ന് ആലോചിച്ചു നോക്കൂ. എങ്ങനെയുണ്ടായിരിക്കും? പക്ഷെ അങ്ങനെ സംഭവിക്കണമെങ്കിൽ ഒരു ഗ്രഹത്തിന് രണ്ടു സൂര്യന്മാർ വേണ്ടിവരും. രണ്ടു സൂര്യന്മാർക്കു ചുറ്റും ഭ്രമണം ചെയ്യുന്ന ഒരു ഗ്രഹത്തെ സങ്കൽപ്പിച്ചു നോക്കൂ. ഇത്രയും കാലം അതൊരു സങ്കൽപ്പം മാത്രമായിരുന്നു. എന്നാൽ ഇപ്പൊഴത് യാഥാർത്ഥ്യമായിരിക്കുന്നു.
നമ്മുടെ സൗരയൂഥത്തിനു പുറത്ത് ഭൂസമാന ഗ്രഹങ്ങളെ കണ്ടെത്തുന്നതിനു വേണ്ടിയുള്ള നാസയുടെ കെപ്ലർ ദൗത്യം രണ്ടു സൂര്യന്മാരെ ഭ്രമണം ചെയ്യുന്ന ഒരു ഗ്രഹത്തെ കണ്ടെത്തിയിരിക്കുന്നു. ഭൂമിയിൽ നിന്ന് 200 പ്രകാശവർഷം അകലെ കിടക്കുന്ന കെപ്ലർ 16 എന്നറിയപ്പെടുന്ന സൗരയൂഥത്തിലാണ് ഈ അത്ഭുത പ്രതിഭാസം. ഈ കണ്ടെത്തൽ ഒരു പുതിയ തരം ഗ്രഹവ്യവസ്ഥയെ കുറിച്ചുള്ള അറിവാണ് നമുക്കു തരുന്നത്. പരസ്പരം ഭ്രമണം ചെയ്യുന്ന നക്ഷത്രങ്ങളെയാണ് ഇരട്ട നക്ഷത്രങ്ങൾ എന്നു പറയുന്നത്. പ്രപഞ്ചത്തിൽ ഭൂരിഭാഗം നക്ഷത്രങ്ങളും ഈ വിഭാഗത്തിൽ പെടുന്നവയാണ്. എന്നാൽ ഇവയെ കേന്ദ്രമാക്കിയുള്ള ഒരു ഗ്രഹവ്യവസ്ഥ ഇതു വരെയും കണ്ടെത്തിയിരുന്നില്ല. കെപ്ലർ 16b എന്ന ഗ്രഹത്തിന്റെ കണ്ടെത്തൽ ആ കുറവു നികത്തിയിരിക്കുന്നു. ഇനിയും ഇത്തരത്തിലുള്ള കൂടുതൽ ഗ്രഹങ്ങൾ കണ്ടെത്താൻ കഴിയുമെന്നാണ് പ്രതീക്ഷ.
സെറ്റി ഇൻസ്റ്റിട്യൂട്ടിലെ ലോറൻസ് ഡോയൽ എന്ന ശാസ്തജ്നനാണ് ഈ പഠനത്തിന് നേതൃത്വം നൽകിയത്. ജീവസാധ്യത ഒട്ടും തന്നെയില്ലാത്ത ഗ്രഹമാണ് കെപ്ലർ 16b. ശനിയോളം വലിപ്പമുള്ള ഈ ഗ്രഹത്തിന് പകുതി പാറയും പകുതി വാതകവും കൂടിയുള്ള ഘടനയാണുള്ളത്. മാതൃനക്ഷത്രങ്ങൾ രണ്ടും സൂര്യനെക്കാൾ ചെറുതാണ്. സൗരപിണ്ഡത്തിന്റെ 69% പിണ്ഡം മാത്രമാണ് ഒരു നക്ഷത്രത്തിനുള്ളത്. മറ്റേതിനാകട്ടെ 20% മാത്രവും. 229 ദിവസങ്ങൾ കൊണ്ടാണ് കെപ്ലർ 16b ഒരു ഭ്രമണം പൂർത്തിയാക്കുന്നത്.
ആർട്ടിസ്റ്റിന്റെ കാഴ്ചപ്പാടിലുള്ള രണ്ടു വീഡിയോകളാണ് താഴെ
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ