സെന്റോറുകളിൽ ഭൂരിഭാഗവും വാൽനക്ഷത്രങ്ങളെ പോലെയെന്ന്

 ഗ്രീക്ക് ഇതിഹാസത്തിലെ മനുഷ്യന്റെയും കുതിരയുടെയും രൂപത്തോടു കൂടിയ കഥാപാത്രമാണ് സെന്റോർ. ഇതുപോലെ സൗരയൂഥത്തിലെ ഇരട്ടസ്വഭാവം കാണിക്കുന്ന പദാർത്ഥങ്ങളാണ് സെന്റോറുകൾ. ബാഹ്യസൗരയൂഥത്തിൽ- പ്രധാനമായും വ്യാത്തിനും നെപ്റ്റ്യൂണിനും ഇടയിൽ- കാണപ്പെടുന്ന വസ്തുക്കളാണ് സെന്റോറുകൾ. ഇവ ഛിന്നഗ്രഹങ്ങളുടെയും വാൽനക്ഷത്രങ്ങളുടെയും സ്വഭാവസവിശേഷതകൾ വഹിക്കുന്നു എന്നായിരുന്നു ഇതുവരെയുള്ള ധാരണ. എന്നാൽ മൂന്നിലൊന്ന് സെന്റോറുകളെങ്കിലും വാൽനക്ഷത്രങ്ങളുടെ സവിശേഷതകൾ ഉള്ളവയാണ് എന്ന് ഏറ്റവും പുതിയ പഠനം വെളിപ്പെടുത്തുന്നു.
      നാസയുടെ വൈസ്‌ (WISE-Wide-field Infrared Survey Explorer) എന്ന ബഹിരാകാശ പേടകത്തിലെ ഛിന്നഗ്രഹങ്ങളെ കുറിച്ചു പഠിക്കുന്നതിനുള്ള ഭാഗമായ നിയോവൈസ് ആണ് ഇവയെ കുറിച്ച് പുതിയ വിവരങ്ങൾ പുറത്തു വിട്ടിട്ടുള്ളത്. 
     സെന്റോറുകളിൽ ഭൂരിഭാഗവും വാൽനക്ഷത്രങ്ങളുടെ സവിശേഷതകൾ പ്രകടിപ്പിക്കുന്നവയാണ് എന്നാണ് പുതിയ പഠനം കാണിക്കുന്നത്. സ്ഥിരമായ ഒരു ഭ്രമണപഥത്തിലൂടെയല്ല ഇവ സൂര്യനെ ചുറ്റിക്കൊണ്ടിരിക്കുന്നത്. പിണ്ഡം കൂടിയ ഗ്രഹങ്ങളുടെ സ്വാധീനമാകാം ഇവയുടെ ഈ ചാഞ്ചാത്തിനുള്ള കാരണമെന്നാണ് കരുതപ്പെടുന്നത്.  സെന്റോറുകളുടെയും ഇവയിൽ നിന്നും വളരെ അകലെ കിടക്കുന്ന ശിഥിലമണ്ഡല പദാർത്ഥങ്ങളുടെയും 52  ഇൻഫ്രാറെഡ് ഇമേജുകളാണ് വൈസ് എടുത്തത്. ഇവയിൽ 15 എണ്ണം പുതിയ കണ്ടെത്തലുകളായിരുന്നു.
     സെന്റോറുകൾക്കു ചുറ്റുമുള്ള പൊടിപടലങ്ങളുടെ വലയം മുന്നേ തന്നെ ബഹിരാകാശശാസ്ത്രജ്ഞരുടെ ശ്രദ്ധയിൽ പെട്ടിരുന്നു. പുതിയ ഇൻഫ്രാറെഡ് ഇമേജുകളിൽ നിന്ന് ഇവയുടെ അൽബിഡോയെ കുറിച്ച് -പ്രകാശത്തെ പ്രതിഫലിപ്പിക്കാനുള്ള ശേഷി- കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടുണ്ട്.  ഇത് ഇവയുടെ ഘടനയെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമാക്കുന്നതിന് സഹായിക്കും.
     1920ലാണ് ആദ്യത്തെ സെന്റോറിനെ (944 ഹിഡാല്‍ഗോ) കണ്ടെത്തുന്നത്.   എന്നാൽ 1977നു ശേഷമാണ് ഇവയെ ധാരാളമായി കണ്ടെത്താൻ തുടങ്ങുന്നത്. ഇന്ന് ഒരു കി.മീറ്ററിൽ കൂടുതൽ വ്യാസമുള്ള സെന്റോറുകളുടെ എണ്ണം 44,000ൽ കൂടുതൽ വരും. എന്നാൽ ഇവയെ കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും നമുക്ക് അറിയില്ല എന്നതാണ് വസ്തുത. 260കി.മീറ്ററിൽ കൂടുതൽ വ്യാസമുള്ള 10199 ക്ലാരികോ ആണ് ഏറ്റവും വലുത്.
     ഈ മഹാപ്രപഞ്ചത്തിലെ ഇത്തിരിവട്ടമായ സൗരയൂഥത്തിൽ പോലും നമ്മുടെ അറിവിനെ വെല്ലുവിളിക്കുന്ന എത്രയോ മഹാത്ഭുതങ്ങൾ നമ്മെ കാത്തിരിക്കുന്നു! 

അഭിപ്രായങ്ങള്‍

ഇതുവരെ

കൂടുതൽ‍ കാണിക്കുക