സൂപ്പർ മൂൺ പ്രതിഭാസവും സുനാമിയും




    


 ലോകം പുതിയൊരു ഭയത്തിന്റെ മുകളിലാണിപ്പോൾ. മാർച്ച് 19 എന്തൊക്കെയോ സംഭവിക്കാൻ പോകുന്നു എന്നാണു പറയുന്നത്. അതിന്റെ മുന്നോടിയാണ് ജപ്പാനിലെ സുനാമി എന്നും വാർത്തകൾ. ഇപ്പോഴേ ഇങ്ങനെയായാൽ പത്തൊമ്പതാം തിയ്യതി എന്തായിരിക്കും അവസ്ഥ? ഭയപ്പെടാൻ ഇതിലും അധികം എന്തെങ്കിലും വേണോ?


     യഥാർത്ഥത്തിൽ എന്താണ് സൂപ്പർ മൂൺ? സൂപ്പർ മൂണും ഭൂകമ്പവും തമ്മിലെന്താണ് ബന്ധം? റിച്ചാർഡ് നോളെ എന്ന ഒരു ജ്യോതിഷിയാണ് സൂപ്പർ മൂൺ(super moon) ആശയം മുന്നോട്ടു വെക്കുന്നത്. ഇതിന് ജ്യോതിശാസ്ത്രവുമായി ഒരു ബന്ധവുമില്ല. ചന്ദ്രൻ ഭൂമിയോടടുക്കുന്ന ദിവസം തന്നെ പൌർണ്ണമിയും വരുന്നതിനെയാണ് നോളെ സൂപ്പർ മൂൺ എന്നു വിശേഷിപ്പിച്ചത്. അന്നേ ദിവസം ചന്ദ്രനെ സാധാരണ കാണുന്നതിനെക്കാൾ അല്പം കൂടി വലുപ്പത്തിൽ കാണാൻ കഴിയും. ഇങ്ങനെ വരുന്ന ദിവസങ്ങളിൽ ഭൂമിയിൽ പ്രകൃതിദുരന്തങ്ങൾ കൂടുതലായുണ്ടാ‍വും എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രവചനം. ഈ മാസം പത്തൊമ്പതാം തിയ്യതിയിലെ പൌർണ്ണമി ദിവസം ചന്ദ്രൻ ഭൂമിയോട് ഏറ്റവും അടുത്ത് വരുന്ന ദിവസമായതിനാൽ അന്ന് വൻ‌ദുരന്തങ്ങൾ ഉണ്ടാകുമത്രെ.


     ചന്ദ്രന്റെ ഭ്രമണപഥം ദീർഘവൃത്താകൃതിയായതു കൊണ്ടും മാസത്തിലൊരിക്കൽ ഭൂമിയെ പ്രദക്ഷിണം ചെയ്യുന്നതു കൊണ്ടും മാസത്തിലൊരിക്കൽ ചന്ദ്രൻ ഭൂമിയോട് വളരെ അടുക്കുകയും ഒരിക്കൽ വളരെ അകലുകയും ചെയ്യും. ഏറ്റവും അടുത്തു വരുന്ന പോയന്റിനെ പെരിജി എന്നും ഏറ്റവും അകലെയുള്ള പോയന്റിനെ അപ്പോജിയെന്നും പറയുന്നു. എല്ലാ മാസവും ഓരോ പെരിജിയും ഓരോ പൌർണ്ണമിയും ഉണ്ടാകുന്നുണ്ട്. പക്ഷെ വളരെ വർഷങ്ങളിലൊരിക്കൽ മാത്രമാണ് രണ്ടും കൂടി ഒന്നിച്ച സംഭവിക്കാറുള്ളു. ഇതിന് ജ്യോതിശാസ്ത്രപരമായി പ്രത്യേകതകളൊന്നുമില്ല. പെരിജി പൌർണ്ണമി ദിവസമായാലും അല്ലെങ്കിലും ചന്ദ്രൻ ഭൂമിയിൽ പ്രയോഗിക്കുന്ന ആകർഷണ ബലത്തിന് വ്യത്യാസമൊന്നും സംഭവിക്കുന്നില്ല. മാത്രമല്ല ചന്ദ്രന്റെ ആകർഷണ ബലം ടെക്റ്റോണിക് പ്രവർത്തനങ്ങളെ (ഭൂകമ്പത്തിനു കാരണമായ ഭൌമാന്തർഭാഗ പ്രവർത്തനങ്ങൾ) സ്വാധീനിക്കുന്നില്ല എന്നാണ് ഈ രംഗത്ത് നടന്ന പഠനങ്ങളിൽ നിന്നും തെളിഞ്ഞിട്ടുള്ളത്. 


    ഈ വർഷത്തെ സൂപ്പർമൂണിനുള്ള പ്രത്യേകത ഭൂമിയും ചന്ദ്രനും തമ്മിലുള്ള അകലം കഴിഞ്ഞ പതിനെട്ടു വർഷങ്ങളിലെ ഏറ്റവും കുറഞ്ഞ അകലമാണ് എന്നുള്ളതാണ്. നമ്മുടെ പത്രങ്ങൾ ഹൈലൈറ്റ് ചൈയ്തത് ഈ സംഗതിയെയാണ്. പക്ഷെ ഇതെത്രത്തോളം സാരമുള്ളതാണ്? പത്തൊമ്പതാം തിയ്യതിയിലെ അകലം 356577 കി.മീറ്ററാണ്. ശരാശരി പെരിജി 3,63,104കി.മീറ്ററാണ്. 1.8 ശതമാനത്തിന്റെ വ്യത്യാസം മാത്രം. ശരാശരിയുമായുള്ള വ്യത്യാസമാണ് ഈ 1.8 ശതമാനം എന്നതോർക്കണം. ഇത് മറ്റു ദിവസങ്ങളിലെക്കാൾ വ്യത്യാസമൊന്നും ഭൂമിയിൽ ചെലുത്താൻ ശേഷിയില്ലത്തതാണ്. ഇനി പെരിജിയും അപ്പോജിയും തമ്മിലുള്ള വത്യാസം നോക്കാം. പരമാവധി അപ്പോജി 405696 കി.മീറ്ററും അകലം കൂടിയ പെരിജി 384399 കി.മീറ്ററും ആണ്. ഇവ തമ്മിലുള്ള വ്യത്യാസം 5.2 ശതമാനവുമാണ്. ഈ വ്യത്യാസം പോലും പത്തൊമ്പതാം തിയ്യതിയിലെ പെരിജിയിൽ സംഭവിക്കുന്നില്ല.


    ജപ്പാനിലെ സുനാമിക്കു കാരണം സൂപ്പർമൂൺ പ്രതിഭാസമാണെന്നാണ് പുതിയ കണ്ടെത്തൽ. ഇതുകൂടി നമുക്കൊന്നു പരിശോധിച്ചു നോക്കാം. ഈ മാസത്തെ അപ്പോജി മാർച്ച് 6നും പെരിജി മാർച്ച് 19നും ആണ്. ദുരന്തം സംഭവിച്ച പതിനൊന്നാം തിയ്യതി ചന്ദ്രനും ഭൂമിയും തമ്മിലുള്ള അകലം 4,00,000 കി.മീറ്ററാണ്. അതായത് സാധാരണ പെരിജി ദിനങ്ങളെക്കാൾ എത്രയോ അകലെയായിരുന്നു അന്നേ ദിവസം ചന്ദ്രൻ എന്നു കാണാം. എന്നിട്ടും പറയുന്നു സൂപ്പർ മൂൺ പ്രതിഭാസമാണ് ഇതിനു കാരണമെന്ന്! എന്തിനാണിവർ എപ്പോഴുമിങ്ങനെ നമ്മളെ ഭയപ്പെടുത്തുന്നത്? ശാസ്ത്രത്തിനു പകരം കപടശാസ്ത്രത്തെ പ്രചരിപ്പിക്കുന്നത്? ആർക്കാണിതു കൊണ്ടുള്ള പ്രയോജനം?



അഭിപ്രായങ്ങള്‍

  1. നല്ല പോസ്റ്റ്‌ !സൂപ്പര്‍ മൂണ്‍ പ്രതിഭാസത്തെ വിശദമായി വിവരിച്ചിരിക്കുന്നു!
    നന്ദി !

    മറുപടിഇല്ലാതാക്കൂ
  2. വിജ്ഞാനപ്രദമായ നല്ല ഒരു പോസ്റ്റ്‌.
    അഭിനന്ദനങ്ങള്‍...

    മറുപടിഇല്ലാതാക്കൂ
  3. നന്നായി വളരെ നന്നായി.നാട്ടില്‍ നിരപ്പെ ഇങ്ങനെ ഒരു പ്രചരണം നടക്കുന്നുണ്ട്.ഇതില്‍ മറ്റൊരു പ്രശ്നമെന്താണെന്നുവച്ചാല്‍ വിദ്യാസമ്പന്നര്‍ പോലും ഇതു വിശ്വസിക്കുകയും അതു മറ്റുള്ളവരെ പറഞ്ഞു വിശ്വസിപ്പിക്കുകയും ചെയ്യുന്നുണ്ടെന്നതാണ്.മിക്കവാറും മാര്‍ച്ച് 18 -)0 തീയതിയോടെ നമ്മുടെ അമ്പലങ്ങള്‍ മുഴുവന്‍ പ്രാര്‍ഥനയും വഴിപാടുകളും കൊണ്ട് നിറയുമെന്നാണ്.

    മറുപടിഇല്ലാതാക്കൂ
  4. നന്ദി. നമ്മുടെ പത്രങ്ങളാണ് കപടശാസ്ത്രം പ്രചരിപ്പിക്കുന്നതിൽ മുന്നിൽ നിൽക്കുന്നത്. പത്രങ്ങൾ പറയുന്നത് വേദവാക്യമായെടുക്കുന്ന ഒരു വിദ്യാസമ്പന്ന സമൂഹവും നമുക്കുണ്ട്. ഈ വാർത്ത തന്നെ ഒരു ജ്യോതിഷിയുടെ പ്രവചനത്തെ ഒരു വിഭാഗം ശാസ്ത്രജ്നരുടെ അഭിപ്രായം എന്നരീതിയിലാണ് നമ്മുടെ പത്രങ്ങൾ അവതരിപ്പിച്ചത്. വർഷങ്ങൾക്കു മുമ്പു തന്നെ ഓരോ വിഷയത്തെയും കുറിച്ചു റിപ്പോർട്ടു ചെയ്യാൻ അതാതു വിഷയത്തിൽ താല്പര്യവും അറിവുമുള്ളവരെ നിയമിക്കണമെന്ന് സ്വദേശാഭിമാനി രാമകൃഷ്ണപിള്ള അദ്ദേഹത്തിന്റെ വൃത്താന്ത് പത്രപ്രവർത്തനം എന്ന പുസ്തകത്തിൽ പറഞ്ഞിട്ടുണ്ട്. ന്യൂജനറേഷൻ ജേർണലിസ്റ്റുകൾക്ക് ഇതൊന്നും ബാധകമല്ലല്ലോ

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതുവരെ

കൂടുതൽ‍ കാണിക്കുക