ക്രാബ് നെബുലയിൽ ആർഗോൺ സംയുക്തം.
ഉൽകൃഷ്ട വാതകങ്ങൾ പൊതുവെ രാസപ്രവർത്തനങ്ങളിൽ ഏർപ്പെടുക പതിവില്ല. വളരെ അപൂർവ്വമായി മാത്രം സംഭവിക്കുന്ന കാര്യങ്ങൾ എപ്പോഴും വാർത്തയാണ്. ബഹിരാകാശത്ത് ആദ്യമായി ആർഗോൺ സംയുക്തത്തെ കണ്ടെത്തിയതാണ് പുതിയ വാർത്ത. ക്രാബ് നെബുലയിലാണ് ആർഗോൺ ഹൈഡ്രൈഡ് എന്ന സംയുക്തം കണ്ടെത്തിയിരിക്കുന്നത്. മനുഷ്യൻ ആദ്യമായി തിരിച്ചറിഞ്ഞ നെബുലകളിലൊന്നാണിത്. ഈ നെബുല ഉണ്ടാവാൻ കാരണമായ സൂപ്പർ നോവ 1054ൽ തന്നെ ചൈനയിലെയും അറേബ്യയിലെയും ജ്യോതിശാസ്ത്രജ്ഞർ കണ്ടതായി രേഖപ്പെടുത്തിയിട്ടുണ്ട്. 1731ൽ ജോൺ ബെവിസ് എന്ന ശാസ്ത്രജ്ഞനാണ് ക്രാബ് നെബുലയെ ആദ്യമായി നിരീക്ഷിക്കുന്നത്. ചാൾസ് മെസ്സിയർ അദ്ദേഹത്തിന്റെ പട്ടികയിൽ ഒന്നാമത്തെ ഇനമായി ഇതിനെ ചേർത്തു (M 1). റോസെ പ്രഭുവാണ് ഇതിന് ക്രാബ് നെബുല എന്നു പേരിട്ടത്. അദ്ദേഹം ഇതിന്റെ രേഖാചിത്രം വരച്ചപ്പോൾ അതിനു ഒരു ഞെണ്ടിന്റെ രൂപം തോന്നിയതിനാലാണത്രെ ഈ പേര് നല്കിയത്. ഭൂമിയിൽ നിന്ന് ഏകദേശം 6500 പ്രകാശവർഷം അകലെ കിടക്കുന്ന ക്രാബ് നെബുലയുടെ വ്യാസം ഏതാണ്ട് 11 പ്രകാശവർഷമാണ്. വളരെ ശക്തിയേറിയ വികിരണതരംഗങ്ങൾ പുറപ്പെടുവിക്കുന്ന ഒരു ബഹിരാകാശ വസ്തു കൂടിയാണ് ക്രാബ് നെബുല. ഒരു പക്ഷെ ജ്യോതിശാസ്ത്രജ്ഞർ ഏറ