സെയ്ഫ്


ഇനി വേട്ടക്കാരന്റെ വലത്തെ കാലിനെ കുറിച്ചു പറയാം. സെയ്ഫ് (കാപ്പ ഓറിയോണിസ്) എന്നാണ് ഇതിന്റെ പേര്. ഭീമന്റെ വാള്‍ എന്നര്‍ത്ഥം വരുന്ന "സെയ്ഫ് അല്‍ ജബ്ബാര്‍" എന്നതില്‍ നിന്നാണ് സെയ്ഫ് എന്ന പേര് സ്വീകരിച്ചിട്ടുള്ളത്. കാലിന് എങ്ങനെ വാള്‍ എന്ന് പേരിട്ടു എന്നാലോചിച്ചു സമയം കളയണ്ട. പതിനേഴാം നൂറ്റാണ്ടിന്‍ പ്രസിദ്ധീകരിച്ച ഒരു കാറ്റലോഗില്‍ വന്ന ഒരബദ്ധം കൊണ്ടാണ് കാല് വാളായത്. ശരിക്കും ഈറ്റ ഓറിയോണിസിനെയാണത്രെ (ഇതിനെ കുറിച്ച് പിന്നീട് പറയാം) സെയ്ഫ് അല്‍ ജബ്ബാര്‍ എന്നു വിളിച്ചത്. കാപ്പ ഓറിയോണിസിനെ "ഭീമന്റെ വലത്തു കാല്‍മുട്ട്" എന്നര്‍ത്ഥം വരുന്ന "റെക്ബാ അല്‍ ജൗസാ അല്‍ യെമനിയന്റ്" എന്ന പേരാണ് വിളിച്ചിരുന്നത്. പക്ഷെ കാറ്റലോഗില്‍ ഇതെഴുതിയപ്പോള്‍ തെറ്റിപ്പോയി. കാല് വാളായി മാറി. പിന്നീട് അതങ്ങനെ തുടരുകയും ചെയ്തു. ഇന്നലെ ചെയ്തോരബദ്ധം....

അമ്പത്തിയേഴായിരത്തോളം സൂര്യന്മാരുടെ തിളക്കമുണ്ടിതിന്. 26,500 കെല്‍വിന്‍ ഉപരിതലതാപനിലയും. സൂര്യന്റെ 15.5 മടങ്ങ് പിണ്ഡവും 22.2 മടങ്ങ് ആരവുമുള്ള ഒരു അതിഭീമന്‍ നീല നക്ഷത്രമാണ് സെയ്ഫ്. ഒരു കാലത്ത് സൂര്യനേക്കാള്‍ 31 മടങ്ങിലേറെ പിണ്ഡമുണ്ടായിരുന്നുവത്രെ ഇതിന്. അതിശക്തമായ നക്ഷത്രക്കാറ്റിലൂടെ ഓരോ വര്‍ഷവും സൂര്യനു തുല്യമായ ദ്രവ്യം പുറംതള്ളുന്നതു മൂലമാണ് ദ്രവ്യമാനം ഇത്രയും കുറഞ്ഞത്. 650 പ്രകാശവര്‍ഷങ്ങള്‍ക്കപ്പുറത്തു നിന്നാണ് ഇദ്ദേഹം നമ്മളെ നോക്കി കണ്ണിറുക്കുന്നത്. ഒരു കോടി പതിനൊന്നു വര്‍ഷം വയസ്സുള്ള ഒരു ചെറുപ്പക്കാരനാണ് നമ്മുടെ സെയ്ഫ്. മദ്ധ്യവയസ്കനായ സൂര്യന്റെ പ്രായം 457 കോടി വര്‍ഷമാണ് എന്നോര്‍ക്കുക.

അഭിപ്രായങ്ങള്‍

ഇതുവരെ

കൂടുതൽ‍ കാണിക്കുക