അധാര
വേട്ടപ്പട്ടിയുടെ പിന്‍കാലിലെ തിളക്കമുള്ള നക്ഷത്രമാണ് അധാരാ. കന്യക എന്നാണത്രെ ഈ പേരിനര്‍ത്ഥം. കാനിസ് മേജര്‍ നക്ഷത്രഗണത്തിലെ തിളക്കം കൊണ്ട് രണ്ടാം സ്ഥാനത്തും ആകാശത്തു കാണുന്ന നക്ഷത്രങ്ങളില്‍ 22-ാം സ്ഥാനത്തും നില്‍ക്കുന്ന നക്ഷത്രമാണ് അധാര. എന്നാല്‍ 50 ലക്ഷം വര്‍ഷങ്ങള്‍ക്കു മുമ്പ് ഭൂമിയില്‍ നിന്നു നോക്കിയാല്‍ ഏറ്റവും തിളക്കത്തില്‍ കാണുന്ന നക്ഷത്രമായിരുന്നുവത്രെ അധാര. അന്ന് ഭൂമിയില്‍ നിന്നും 34 പ്രകാശവര്‍ഷം അകലെയായിരുന്നുവത്രെ ഇതിന്റെ സ്ഥാനം. ഇപ്പോള്‍ 405 പ്രകാശവര്‍ഷം അകലെ കിടക്കുന്ന ഈ നക്ഷത്രത്തിന് ഇത്രയും തിളക്കമുണ്ടെങ്കില്‍ അന്ന് അതിന്റെ തിളക്കം എത്രയായിരിക്കും എന്നൊന്ന് അനുമാനിച്ചു നോക്കൂ. നക്ഷത്രങ്ങള്‍ സ്പെയ്സിലൂടെ സഞ്ചരിച്ച് അവക്ക് സ്ഥാനമാറ്റം ഉണ്ടാവാറുണ്ട്. പക്ഷെ അധാരക്കുണ്ടായ അത്രയും സ്ഥാനഭ്രംശം മറ്റു നക്ഷത്രങ്ങള്‍ക്കൊന്നും രേഖപ്പെടുത്തിയിട്ടില്ല.
പതിനേഴാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഈജിപ്ഷ്യന്‍ ജ്യോതിഃശാസ്ത്രജ്ഞനായിരുന്ന അല്‍ അക്സാസി അല്‍ മൗക്കേത്ത് നിര്‍മ്മിച്ച നക്ഷത്രചാര്‍ട്ടില്‍ ഇതിന് ഔള്‍ അല്‍ അഡ്സാരി എന്ന പേരാണ് കൊടുത്തിരുന്നത്. ചൈനക്കാര്‍ ഇതിന് വില്ലും അമ്പും എന്നര്‍ത്ഥം വരുന്ന ഹൂ ഷീ എന്ന പേരാണ് നല്‍കിയത്.
അധാര ഒരു ദ്വന്ദ്വ നക്ഷത്രമാണ്. ഒരു പൊതു കേന്ദ്രത്തെ ആധാരമാക്കി പരിക്രമണം ചെയ്തു കൊണ്ടിരിക്കുന്ന നക്ഷത്രങ്ങളെയാണ് ദ്വന്ദ്വനക്ഷത്രങ്ങള്‍ എന്നു പറയുന്നത്. 22,200 കെല്‍വിന്‍ ആണ് ഇതിലെ പ്രധാന നക്ഷത്രത്തിന്റെ താപനില. സൂര്യനെക്കാള്‍ 12.6 മടങ്ങ് പിണ്ഡവും 13.9 മടങ്ങ് ആരവും ഇതിനുണ്ട്. വളരെ ഉയര്‍ന്ന തോതില്‍ അള്‍ട്രാവയലറ്റ് വികിരണങ്ങള്‍ പുറത്തു വിടുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഈ നക്ഷത്രം പുറത്തു വിടുന്ന മൊത്തം ഊര്‍ജ്ജത്തിന്റെ അളവ് നമ്മുടെ സൂര്യന്‍ പുറത്തു വിടുന്നതിന്റെ 20,000 മടങ്ങ് ആണത്രെ. അള്‍ട്രാവയലറ്റ് പ്രകാശം നമുക്കു കാണാന്‍ കഴിയുമായിരുന്നെങ്കില്‍ ആകാശത്തില്‍ ഏറ്റവും തിളക്കത്തില്‍ കാണാന്‍ കഴിയുന്ന നക്ഷത്രം ഇതാകുമായിരുന്നു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ