അൽനിലം

ഇനി വേട്ടക്കാരന്റെ ബെല്‍റ്റിലെ നടുവിലെ നക്ഷത്രത്തെ കുറിച്ചു പറയാം. അല്‍നിലം എന്നാണ് ഈ നക്ഷത്രത്തിനു നല്‍കിയിരിക്കുന്ന പേര്. ഇന്ദ്രനീലം എന്നാണ് ഈ വാക്കിന് അര്‍ത്ഥം. തിളക്കം കൊണ്ട് ആകാശത്തു കാണുന്ന നക്ഷത്രങ്ങളില്‍ 29-ാം സ്ഥാനവും ഓറിയോണിലെ നക്ഷത്രങ്ങളില്‍ നാലാം സ്ഥാനവുമാണിതിനുള്ളത്. ഒരു അതിഭീമന്‍ നീലനക്ഷത്രമായ അല്‍നിലം ഭൂമിയില്‍ നിന്നും ഏകദേശം 2000 പ്രകാശവര്‍ഷങ്ങള്‍ക്കപ്പുറത്താണ് സ്ഥിതി ചെയ്യുന്നത്. സൂര്യനെക്കാള്‍ 5,60,000 മടങ്ങ് തിളക്കമുള്ള ഈ നക്ഷത്രം സൂര്യന്റെ സ്ഥാനത്തായിരുന്നു എങ്കില്‍ എന്തായിരുന്നേനെ അവസ്ഥ അല്ലെ? സൂര്യന്റെ 40 മടങ്ങ് പിണ്ഡവും 32.4 മടങ്ങ് ആരവുമുണ്ട് ഈ നക്ഷത്രത്തിന്. 27,500 കെല്‍വിന്‍ ആണ് ഇതിന്റെ ബാഹ്യതാപനില.

സൗരവാതത്തെ കുറിച്ച് കേട്ടു കാണുമല്ലോ. സൂര്യന്റെ അന്തരീക്ഷത്തില്‍ നിന്നും ചാര്‍ജിത കണങ്ങള്‍ പുറത്തെക്ക് വീശിയടിക്കുന്ന പോലെ എല്ലാ നക്ഷത്രങ്ങളില്‍ നിന്നും അവയിലെ പദാര്‍ത്ഥങ്ങള്‍ പുറത്തേക്ക് തെറിച്ചു പോകുന്നുണ്ട്. ഇതിനെ നക്ഷത്രവാതം എന്നു പറയാം. ഇത് വളരെ ചെറിയ അളവിലൊന്നുമല്ല കേട്ടോ. സൂര്യനില്‍ നിന്നും ഇങ്ങനെ ഒരു സെക്കന്റില്‍ തെറിച്ചു പോകുന്ന പദാര്‍ത്ഥങ്ങളുടെ അളവ് ഏകദേശം 15 ലക്ഷം ടണ്‍ ആണ്. ഇതിന്റെ രണ്ടു കോടി മടങ്ങാണ് അല്‍നിലത്തില്‍ നിന്നും ഒരു സെക്കന്റില്‍ നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നത്. ഒരു സെക്കന്റില്‍ 2000കി.മീറ്റര്‍ വേഗതയിലാണ് ഇവ നക്ഷത്രത്തോട് പിണങ്ങി പറന്നു പോകുന്നത്.

ഇനി ഒന്നു പുറത്തിറങ്ങി നമ്മുടെ ഇന്ദ്രനീലത്തോട് ഒരു ഹായ് പറഞ്ഞു നോക്കൂ.....

അഭിപ്രായങ്ങള്‍

ഇതുവരെ

കൂടുതൽ‍ കാണിക്കുക