പുതുവര്‍ഷപ്പുലരിയെ വരവേല്‍ക്കാന്‍ അമ്പിളിക്കൈ പിടിച്ചെത്തുന്നു ശുക്രന്‍

       പുതുവര്‍ഷത്തെ എതിരേല്‍ക്കാന്‍ ഭൂമിയില്‍ മാത്രമല്ല ആകാശത്തും ചില ഒരുക്കങ്ങളൊക്കെ നടക്കുന്നുണ്ട്‌. പുതുവര്‍ഷ സൂര്യനെ ചന്ദ്രനും ശുക്രനും ഒരുമിച്ചു സ്വീകരിക്കുന്ന കാഴ്ചയാണ്‌ ഇപ്രാവശ്യം ആകാശത്തുകാണാന്‍ കഴിയുക.


      രാവിലെ മൂന്നരയോടു കൂടി ശുക്രന്‍ കിഴക്കുദിക്കും. പതിനഞ്ചു മിനിട്ടിനു ശേഷം ചന്ദ്രനും. ഏഴ്‌ എട്ടു ഡിഗ്രി വ്യത്യാസത്തില്‍ രണ്ടു പേരെയും കാണാം. സൂര്യനുദിക്കുമ്പോള്‍ ഇവ  ഏതാണ്ട്‌ നാല്‍പതു ഡിഗ്രി ഉയരത്തില്‍ എത്തിയിരിക്കും. ശുക്രന്‍ ഇപ്പോള്‍ വളരെ തിളക്കം കൂടിയ അവസ്ഥയിലാണുള്ളത്‌. സിറിയസിനെക്കാള്‍ ഏകദേശം പതിനേഴു മടങ്ങു പ്രകാശമാനം ഇപ്പോള്‍ ശുക്രനുണ്ട്‌. 


ശുക്രനെ സൂര്യോദയത്തിനു ശേഷം കാണണമെന്നുണ്ടോ? അല്‍പം ബുദ്ധിമുട്ടിയാല്‍ അതും സാദ്ധ്യമാണ്‌. സൂര്യോദയത്തിനു മുമ്പു തന്നെ ആകാശത്തു നോക്കി ചന്ദ്രനും ശുക്രനും തമ്മിലുള്ള അകലം മനസ്സില്‍ കുറിച്ചു വെക്കുക. അതിനു ശേഷം സൂര്യന്‍ ഉദിക്കുന്ന സമയത്ത്‌ വീടിന്റെ പടിഞ്ഞാറു ഭാഗത്തു പോയി അധികം പ്രകാശമെത്താത്തിടത്തു നിന്ന് നേരത്തെ നമ്മള്‍ മനസ്സില്‍ കുറിച്ചിട്ട സ്ഥാനം കണ്ടെത്തുക. അവിടെ മങ്ങിയ ഒരു വെള്ള പൊട്ടായി ശുക്രനെ കാണാം. സമയം കഴിയും തോറും ഇതുകാണാന്‍ കഴിയാതെയാകും. 


      ആകാശത്തിലെ ഒന്നാമനെ രണ്ടാമനും മൂന്നാമനും കൂടി ഇരുപത്തി ഒന്നാം ശതകത്തിലെ രണ്ടാം ദശകത്തിലേക്കു സ്വീകരിക്കുന്ന കാഴ്ച കാണാന്‍ മറക്കാതിരിക്കുക.

അഭിപ്രായങ്ങള്‍

ഇതുവരെ

കൂടുതൽ‍ കാണിക്കുക