സൌരേതര ഗ്രഹങ്ങള്‍

      സൌരയൂഥത്തിന് പുറത്തുള്ള ഗ്രഹങ്ങളെയാണ് സൌരേതര ഗ്രഹങ്ങള്‍ അഥവാ എക്സോ പ്ലാനറ്റുകള്‍ (extra solar planets ) എന്ന് പറയുന്നത്. ഡിസംബര്‍ 8 നു 506 സൌരേതര ഗ്രഹങ്ങള്‍ക്ക്‌ അന്താരാഷ്‌ട്ര ജ്യോതിശാസ്ത്ര സമിതി അംഗീകാരം നല്‍കി. ഇനിയും നൂറു കണക്കിന് സൌരേതര ഗ്രഹങ്ങള്‍ കൂടുതല്‍ പഠനത്തിനും അംഗീകാരത്തിനുമായി കാത്തിരിക്കുന്നു. ഇവയെ സൌരേതര ഗ്രഹ സ്ഥാനാര്‍ഥികള്‍ (exo planet candidates ) എന്ന് വിളിക്കുന്നു. 


     സൌരേതര ഗ്രഹങ്ങളെ കുറിച്ചുള്ള പഠനങ്ങള്‍ക്ക് ശാസ്ത്ര സമൂഹം  വളരെ പ്രാധാന്യം നല്‍കുന്നുണ്ട്. ആവാസയോഗ്യമായ ഏതെങ്കിലും ഗ്രഹങ്ങളുണ്ടോ എന്നറിയാനുള്ള കൌതുകവും ഇതിനു പിന്നിലുണ്ട്. 


     ഇതു വരെ കണ്ടെത്തിയിട്ടുള്ളവയെല്ലാം ഭീമന്‍ ഗ്രഹങ്ങളാണ്. ചെറുഗ്രഹങ്ങളെ കണ്ടെത്തുന്നതില്‍ സാങ്കേതിക വിദ്യയുടെ പരിമിതി ഒരു പ്രധാന പ്രശ്നമാണ്. നമ്മുടെ ഗാലക്സിയില്‍ തന്നെ അനേകായിരം സൌരേതര ഗ്രഹങ്ങളെ കണ്ടെത്താനാകുമെന്നാണ് പറയുന്നത്. 


     ഭൂമി സൂര്യനെ ചുറ്റുന്നത്‌ പോലെ മറ്റു നക്ഷത്രങ്ങള്‍ക്കും അവയുടെ ഗ്രഹങ്ങള്‍ ഉണ്ടാകാമെന്ന ബ്രൂണോയുടെ അഭിപ്രായമാണ് സൌരേതര ഗ്രഹങ്ങളെ കുറിച്ചുള്ള ആദ്യത്തെ പ്രസ്താവനയായി കണക്കാക്കപ്പെടുന്നത്. 


     ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ മദ്രാസ് നിരീക്ഷണാലയത്തിലെ എസ്.ജേക്കബ് 1885 ല്‍ 70 ophiuchi എന്ന നക്ഷത്രത്തെ ഭ്രമണം ചെയ്യുന്ന ഒരു ഗ്രഹമുണ്ടാകാനുള്ള സാധ്യത പ്രവചിക്കുകയുണ്ടായി. 1991 ല്‍ ആന്ട്രൂ ലൈന്‍ PSR 1829 -10 എന്ന പള്സാരിനെ ചുറ്റുന്ന ഗ്രഹത്തെ കണ്ടെത്തിയതായി അവകാശപ്പെട്ടു.



    ഒരു നക്ഷത്രത്തിനു ചുറ്റും ഭ്രമണം ചെയ്യുന്ന ഗ്രഹത്തെ ആദ്യമായി കണ്ടെത്തുന്നത് 1998 ലായിരുന്നു. ഗാമാ സെഫിയെ ഭ്രമണം ചെയ്യുന്ന ഗ്രഹമായിരുന്നു ഇത്. ബ്രൂസ് കംപെന്‍, ജി.എ.എച്.വാക്കര്‍, എസ്.യാംഗ് എന്നിവര്‍ ചേര്‍ന്ന്‍ കണ്ടെത്തിയ ഈ ഗ്രഹത്തിന് റെടിയല്‍ വെലോസിടി (redial velocity ) സങ്കേതം ഉപയോഗിച്ച് ആദ്യമായി കണ്ടെത്തിയ സൌരേതര ഗ്രഹം എന്ന സ്ഥാനവും കിട്ടി. 


     ഗ്രഹങ്ങള്‍ അവയുടെ മാതൃ നക്ഷത്രങ്ങളെ വലം വെക്കുമ്പോള്‍ നക്ഷത്രങ്ങളില്‍ നിന്ന് വരുന്ന പ്രകാശ കിരണങ്ങള്‍ക്കുണ്ടാവുന്ന വ്യതിയാനങ്ങള്‍ പഠിച്ചാണ് സൌരേതര ഗ്രഹങ്ങളെ കണ്ടെത്തുന്നത്. ഭൂമിയില്‍ നിന്ന് നിരീക്ഷിക്കുമ്പോള്‍ ചെറു ഗ്രഹങ്ങളെ കണ്ടെത്താന്‍ കഴിയാത്തതിനുള്ള കാരണം ഇതാണ്. WASP എന്ന സങ്കേതം ഉപയോഗിച്ച് ഇപ്പോള്‍ ചെറു ഗ്രഹങ്ങളേയും കണ്ടെത്താന്‍ കഴിയുന്നുണ്ട്. 


     സൌരേതര ഗ്രഹങ്ങളുടെ എണ്ണം വളരെ വലുതാകാം എന്നു തന്നെയാണ് ശാസ്ത്രജ്ഞരുടെ അഭിപ്രായം. ആകാശ ഗംഗയില്‍ മാത്രം 200 ബില്ല്യന്‍ ഗ്രഹങ്ങളെങ്കിലും കാണും. ഇവയില്‍ ഭൂരിഭാഗവും ചെറിയ ഗ്രഹങ്ങളാകാമെങ്കിലും കണ്ടെത്തിയവയില്‍ കൂടുതലും വ്യാഴത്തെക്കാള്‍ വലുതും മാതൃ നക്ഷത്രങ്ങളോട് വളരെ അടുത്ത് കിടക്കുന്നവയുമാണ്. 


   2010 ഡിസംബര്‍ 8 നു പുതുക്കിയ എക്സോ പ്ലാനറ്റ് കാറ്റലോഗില്‍ 506 സൌരേതര ഗ്രഹങ്ങളാണുള്ളത് . അംഗീകാരം ലഭിക്കുന്നതിനായി കാത്തിരിക്കുന്ന ഗ്രഹങ്ങളുടെ പട്ടികയും വലുതാണ്‌. കോറോട്ട്  (CoRoT ), കെപ്ലെര്‍ ബഹിരാകാശ പേടകങ്ങള്‍,  സ്പിട്സര്‍(spitzer ), ഹബ്ബ്ള്‍ (Hubble ) ബഹിരാകാശ ടെലിസ്കോപ്പ്കള്‍, കെക്ക് (keck ) നിരീക്ഷണാലയം എന്നിവ  കൂടുതല്‍ സൌരേതര ഗ്രഹങ്ങളെ കണ്ടെത്തുന്നതിനുള്ള അന്വേഷണങ്ങള്‍ തുടരുകയാണ്. 

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതുവരെ

കൂടുതൽ‍ കാണിക്കുക